പണമിടപാടിനെ ചൊല്ലി തര്‍ക്കം; വോര്‍ക്കാടിയില്‍ കൊല്ലം സ്വദേശിയെ തലക്ക് കത്തികൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കീഴടങ്ങി
കോട്ടയം സ്വദേശി തങ്കച്ചന്‍ ആണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

മഞ്ചേശ്വരം: പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വോര്‍ക്കാടിയില്‍ കൊല്ലം സ്വദേശിയെ തലക്ക് കത്തി കൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. കോട്ടയം സ്വദേശി തങ്കച്ചന്‍ (60) ആണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ചെറിയാന്‍ തോമസി(47)ന്റെ പരാതിയിലാണ് കേസ്.
വോര്‍ക്കാടി തോക്കി എന്ന സ്ഥലത്ത് തങ്കച്ചന്‍ ചെറിയാന്‍ തോമസിന്റെ കുടുംബത്തിന്റെ റബ്ബര്‍ തോട്ടം ഏറ്റെടുത്തു നടത്തി വരുന്നുണ്ട്. ഒന്നര ലക്ഷം രൂപ തങ്കച്ചന്‍ ചെറിയാന്‍ തോമസിന്റെ കുടുംബത്തിന് കൊടുക്കാന്‍ ബാക്കിയുണ്ട്. ഈ പണം ആവശ്യപ്പെട്ട് ചെറിയാന്‍ തോമസ് വെട്ട് കത്തിയുമായി ബുധനാഴ്ച രാവിലെ 9 മണിയോടെ തങ്കച്ചന്റെ തോട്ടത്തിലെത്തുകയും വാക്കുതര്‍ക്കത്തിനിടെ ചെറിയാന്‍ തോമസ് തങ്കച്ചനെ വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ തങ്കപ്പന്‍ കത്തി പിടിച്ചെടുത്ത് ചെറിയാന്‍ തോമസിന്റെ തലക്കടിക്കുകയായിരുന്നു. ഇതിന് ശേഷം തങ്കച്ചന്‍ സ്വന്തം ജീപ്പില്‍ മഞ്ചേശ്വരം സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ചെറിയാന്‍ തോമസിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വധശ്രമക്കുറ്റം ചുമത്തി പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.