മയക്കുമരുന്നുമായി ബസില്‍ നിന്നും ഇറങ്ങിയോടിയ പ്രതി ഒളിച്ചിരുന്നത് വീട്ടില്‍; കയ്യോടെ പൊക്കി എക്സൈസ് സംഘം

കുഞ്ചത്തൂര്‍ സ്‌കൂളിന് സമീപത്തെ ഹൈദരാലിയെയാണ് അറസ്റ്റ് ചെയ്തത്

മഞ്ചേശ്വരം: പരിശോധനക്കിടെ മയക്കു മരുന്നുമായി ബസില്‍ നിന്ന് ഇറങ്ങിയോടിയ പ്രതി സമീപത്തെ വീട്ടില്‍ കയറി ഒളിച്ചിരുന്നു. എക്സൈസ് സംഘം പിന്തുടര്‍ന്നെത്തി പ്രതിയെ പിടികൂടി. കുഞ്ചത്തൂര്‍ സ്‌കൂളിന് സമീപത്തെ ഹൈദരാലി (40)യെയാണ് മഞ്ചേശ്വരം എക് സൈസ് ഇന്‍സ്പെക്ടര്‍ ജിനു ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 139 ഗ്രാം മെത്താഫിറ്റാമിന്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ് പോര്‍ട്ട് ബസ് ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ പരിശോധക്ക് ബസില്‍ കയറിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ഹൈദരാലി ബസില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയും ഒരു വീട്ടില്‍ കയറി ഒളിച്ചിരിക്കുകയുമായിരുന്നു.

പിന്തുടര്‍ന്നെത്തിയ എക്സൈസ് സംഘം വീട്ടില്‍ വെച്ച് ഹൈദരാലിയെ കസ്റ്റഡിലെടുക്കുകയും പരിശോധനയില്‍ കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it