സുല്‍ത്താന്റെ മരണത്തില്‍ കണ്ണീരോടെ നാട്; കുട്ടി അപകടത്തില്‍പ്പെട്ടത് മഴവെള്ളം നിറഞ്ഞ നടപ്പാലത്തിലൂടെ നടന്നുപോകുമ്പോള്‍
നടപ്പാലത്തില്‍ കൈ വരികളില്ലാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍

ബന്തിയോട്: എട്ടുവയസുകാരനായ സുല്‍ത്താന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കൊക്കച്ചാലിലെ സാദത്ത്- ഹാജറ ദമ്പതികളുടെ മകനും നയാബസാര്‍ എ.ജെ.ഐ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് സുല്‍ത്താനാണ് മരിച്ചത്. മഴവെള്ളം നിറഞ്ഞ നടപ്പാലത്തിലൂടെ നടന്നു പോകുമ്പോള്‍ വീടിന് സമീപത്തെ തോട്ടില്‍ വീണാണ് കുട്ടി മരിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ ഉമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് കൈവരിയില്ലാത്ത ഇരുമ്പ് പൈപ്പുകള്‍ പാകിയ നടപ്പാലത്തിലൂടെ നടന്നു പോകുമ്പോള്‍ തോട്ടിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ട് കുട്ടികള്‍ സുല്‍ത്താന്‍ ഒഴുകിപ്പോകുന്നത് കണ്ട് നിലവിളിച്ചതോടൊണ് നാട്ടുകാര്‍ തിരച്ചിലിനിറങ്ങിയത്. നടപ്പാലത്തില്‍ കൈ വരികളില്ലാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
വീടിന്റെ 500 മീറ്റര്‍ ദൂരത്തില്‍ സുത്താന്‍ തോടിന്റെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് എടുക്കുമ്പോള്‍ സുല്‍ത്താന് ജീവനുണ്ടായിരുന്നു. ഉടനെ ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ മയ്യത്ത് കൊക്കച്ചാല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.