കാറില്‍ കടത്താന്‍ ശ്രമിച്ച 2 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി 2 പേര്‍ പിടിയില്‍

പിടിച്ചെടുത്തത് 214 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍

മഞ്ചേശ്വരം: കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്ന മാഫിയ സംഘം പിടിമുറുക്കുന്നു. കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ട് ലക്ഷം രൂപ വില മതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ 5 മണിക്ക് ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനക്കിടെ 214 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വന്ന കാര്‍ പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന അഫ് സല്‍(32), അഷ് റഫ് (30) എന്നിവരെയും എക്‌സൈസ് സംഘം പിടികൂടി.

ഒരാഴ്ച മുമ്പ് കുമ്പള പൊലീസ് കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 12 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ണ്ണാടക ഫാക്ടറിയില്‍ നിന്ന് സംഘം നേരിട്ട് കുറഞ്ഞ വിലക്കാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് മൂന്ന്, അഞ്ച്, എട്ട് രൂപക്ക് കിട്ടുന്ന വിവിധ തരം പുകയില ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്കെത്തുമ്പോള്‍ പതിനഞ്ച്, ഇരുപത്, മുപ്പത് രൂപക്കാണ് ഇവിടെ ഏജന്റുമാര്‍ വില്‍ക്കുന്നത്. ഏറ്റവും കൂടുതലായി ഇത് ഉപയോഗിക്കുന്നത് സ്ത്രീകളടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ്.

ഓരോ തൊഴിലാളിയും ദിവസം നൂറ് രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതായി പറയുന്നു. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഏജന്റുമാര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്. അമ്പതോ നൂറോ പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയാല്‍ തന്നെ അധികൃതര്‍ ഇവരുടെ മുന്നിലിട്ട് നശിപ്പിച്ച് കടത്തിക്കൊണ്ടു വന്നവരെ വിട്ടയക്കുന്നത് പതിവ് കാഴ്ചയാണ്. ലക്ഷക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവന്നാല്‍ മണിക്കൂര്‍ നേരം കൊണ്ട് സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റം ചുമത്തിയാണ് കേസെടുക്കുന്നത്. ഇതാണ് മാഫിയകള്‍ക്ക് ആശ്വാസമേകുന്നത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it