മംഗളൂരു: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. തലപ്പാടി സ്വദേശികളായ മുഹമ്മദ് സുഹൈല്‍(19), നിസാമുദ്ദീന്‍ (21) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടര്‍, ക്ഷേത്രഭണ്ഡാരം, മോഷണത്തിനുപയോഗിച്ച കത്തി, സ്പാനര്‍ തുടങ്ങിയവ ഇവരില്‍ നിന്നും പിടിച്ചെടുത്തു. മഡൂര്‍ ക്ഷേത്രം, അരസു മുണ്ടിത്തായ ക്ഷേത്രം, ദെര്‍ളക്കട്ട അയ്യപ്പസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നതായി ഇരുവരും പൊലീസിനോട് സമ്മതിച്ചു. ബണ്ട്വാള്‍, പുഞ്ചല്‍കട്ടെ, ഉള്ളാള്‍, കങ്കനാടി, മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന് പരിധികളിലായി ഇവര്‍ക്കെതിരെ ഒമ്പതുകേസുകളുണ്ട്. ഇതില്‍ അഞ്ച് കേസുകളും ക്ഷേത്രകവര്ച്ചയുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു. കൊണാജെ ഗോപാലകൃഷ്ണക്ഷേത്രത്തില്‍ മോഷണശ്രമം നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. മംഗളൂരുവിലെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയ കേസിലും ഇവര്‍ പ്രതികളാണ്. ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുന്ന ആറംഗസംഘത്തില്പെട്ടവരാണ് അറസ്റ്റിലായതെന്നും ഇനി നാലുപേരെ പിടികിട്ടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.