ബണ്ട്വാള്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ബണ്ട്വാള്‍ താലൂക്കിലെ സൂരികുമേരു പള്ളിക്ക് മുന്നിലാണ് അപകടമുണ്ടായത്. ബംഗളൂരുവിലേക്ക് ഗ്യാസ് കയറ്റിപോകുകയായിരുന്ന ടാങ്കര്‍ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്. ഇതോടെ മംഗളൂരുവിനും ബംഗളൂരുവിനുമിടയില്‍ ദേശീയപാതയില്‍ വാഹന ഗതാഗതം സ്തംഭിച്ചു. ഇതുവഴിയുള്ള വാഹനങ്ങളെല്ലാം മറ്റ് റോഡുകളിലേക്ക് തിരിച്ചുവിട്ടുകൊണ്ടുള്ള ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കല്ലടുക്ക, വിട്ടല്‍ റോഡ് വഴി തിരിച്ചുവിട്ടു. ഉപ്പിനങ്ങാടിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മണി, ബുഡോലി, കബക റോഡ് വഴിയാണ് പോകുന്നത്. വിട്ടല്‍ പൊലീസും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരുടെ സഹായത്തോടെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നു. ബുഡോലി യൂത്ത് ഫെഡറേഷന്റെയും സൂരികുമേരു ബദരിയ യംഗ് മെന്‍സ് അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തിരിച്ചുവിടുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ തുടരുകയാണ്. പള്ളിയിലെ ഉച്ചഭാഷിണി പ്രദേശത്ത് സന്ദേശം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു. ഗ്യാസ് ചോരാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അധികൃതര്‍ക്ക് ജനങ്ങള്‍ ജാഗ്രതാനിര്‍ദേശം നല്കി.