ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിര്‍ രാജിവെച്ചു. രാജിക്കത്ത് ശനിയാഴ്ച ഉച്ചക്ക് 12.30 മണിയോടെ പഞ്ചായത്ത് ജെ.എസിന് കൈമാറി. റിസാനയുടെ സഹോദരന് റിയാസ് ആണ് പഞ്ചായത്ത് ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയത്. ഒരാഴ്ച മുമ്പ് റിസാന മുസ്ലിംലീഗ് ജില്ലാകമ്മിറ്റിക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഔദ്യോഗികമായി ശനിയാഴ്ച രാജിക്കത്ത് നല്‍കിയത്. ഇതോടെ മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചു. റിസാന മുസ്ലിംലീഗ് ജില്ലാകമ്മിറ്റിക്ക് രാജിക്കത്ത് നല്കിയപ്പോള് തന്നെ പുതിയ പ്രസിഡണ്ട് ആരെന്ന കാര്യത്തില്‍ ലീഗില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. രാജി ഉറപ്പായതോടെ പുതിയ പ്രസിഡണ്ടിനെ സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.