മംഗളൂരു നഗരത്തിലും തീരമേഖലയിലും നിശാജീവിതം പ്രോത്സാഹിപ്പിക്കും; ഡി.കെ ശിവകുമാര്‍

മംഗളൂരു; ബംഗളൂരു, മുംബൈ നഗരങ്ങളെ പോലെ രാത്രിയിലും മംഗളൂരു നഗരവും തീരദേശ മേഖലയും സജീവമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു.
രാത്രി ഏഴിന് ശേഷം മംഗളൂരു നഗരം നിശ്ചലമാണ്. ഏഴ് മണിക്ക് ശേഷം ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ല. യക്ഷഗാനവും ചില അമ്പലങ്ങളിലെ ഉത്സവവും ഒഴിച്ചുനിര്‍ത്തിയാല്‍ രാത്രിയില്‍ വിനോദങ്ങള്‍ ഒന്നും ഇല്ല എന്നും ശിവകുമാര്‍ നിയമസഭയിലെ ചോദ്യവേളയില്‍ ബൈന്തൂര്‍ എം.എല്‍.എ ഗുരുരാജ് ഷെട്ടി ഗന്‍ന്തിഹോളയോട് പറഞ്ഞു.
പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ദക്ഷിണ കന്നഡയുടെയും ഉഡുപ്പിയുടെയും ഉത്തര കന്നഡയുടെയും തീരദേശമേഖലകള്‍ക്ക് വലിയ ടൂറിസം സാധ്യതള്‍ ഉണ്ട്. ഈ മേഖലകളില്‍ ടെമ്പിള്‍ ടൂറിസം, ബീച്ച് ടൂറിസം, ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷണല്‍ ടൂറിസം എന്നിവയുടെ ഭാഗമായി ലക്ഷക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ യുവജനങ്ങളെ വിനോദത്തിലാക്കാന്‍ രാത്രികാലങ്ങളില്‍ ഇവിടെ പ്രവര്‍ത്തനങ്ങളൊന്നും ഇല്ല. ഭൂരിഭാഗം സിറ്റി ബസ്സുകളും എട്ട് മണിയോടെ സിറ്റിയിലെ സര്‍വീസ് അവസാനിപ്പിക്കും. ഇത് യാത്രക്കാര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാത്രിയിലെ വിനോദസഞ്ചാരം പരിപോഷിപ്പിക്കുന്നതിനും മറ്റ് ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി തീരദേശമേഖലയിലെ മാത്രം എം.എല്‍.എമാരുടെ യോഗം ഉടന്‍ ചേരും.