25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബണ്ട്വാളിലെ പിങ്ക് ടോയ് ലറ്റ് ഉപയോഗശൂന്യമാകുന്നു; പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനം

ബണ്ട്വാള്‍: 25 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബണ്ട്വാളിലെ പിങ്ക് ടോയ് ലറ്റ് ഉപയോഗശൂന്യമാകുന്നു. പദ്ധതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ബിസി റോഡിലെ താലൂക്ക് അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്സിന് സമീപം ബണ്ട്വാള്‍ മുനിസിപ്പാലിറ്റി നിര്‍മ്മിച്ച പിങ്ക് ടോയ് ലറ്റ് നേരിടുന്നത് വലിയ പ്രവര്‍ത്തന വെല്ലുവിളികള്‍. ടോയ് ലറ്റ് മിക്കവാറും അടച്ചിടുന്നതും ജലക്ഷാമവുമാണ് പദ്ധതി ഉപയോഗശൂന്യമാകാനുള്ള പ്രധാന കാരണമെന്ന് പൊതുജനങ്ങള്‍ പറയുന്നു.

നഗരോത്ഥാന പദ്ധതി പ്രകാരം ധനസഹായം ലഭിച്ച ഈ പിങ്ക് ടോയ്ലറ്റ് ദക്ഷിണ കന്നഡ ജില്ലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. നിര്‍മ്മാണ സമയത്ത് ഒട്ടേറെ കാലതാമസങ്ങളും സങ്കീര്‍ണതകളും ഉണ്ടായിരുന്നു. ഒടുവില്‍ ബംഗളൂരു ആസ്ഥാനമായുള്ള ശുചി സന്‍സ്തയെ കരാര്‍ ഏല്‍പ്പിക്കുകയും അദ്ദേഹം പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയുമായിരുന്നു.

പിങ്ക് ടോയ് ലറ്റ് ദിവസവും തുറക്കുന്നില്ലെന്നും അതിന്റെ പ്രവര്‍ത്തനം മാനേജിംഗ് സ്റ്റാഫിന്റെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ബിസി റോഡിന്റെ മധ്യഭാഗത്താണ് ടോയ് ലറ്റ് സ്ഥിതി ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ സ്ത്രീകള്‍ ഇതിനെ ആശ്രയിക്കാന്‍ മടിക്കുന്നു. ടോയ് ലറ്റ് സൗകര്യം മുന്നോട്ട് കൊണ്ടുപോകാന്‍ മാനേജിംഗ് ഓര്‍ഗനൈസേഷന്‍ പാടുപെടുന്നതായും റിപ്പോര്‍ട്ടുണ്ട്.

പിങ്ക് ടോയ് ലറ്റ് വെറുമൊരു ശുചിത്വ സൗകര്യം മാത്രമല്ല, അമ്മമാര്‍ക്കുള്ള ഒരു നഴ്‌സിംഗ് റൂം, സ്ത്രീകള്‍ക്കുള്ള വിശ്രമ സ്ഥലം, സാനിറ്ററി നാപ്കിന്‍ ഡിസ്‌പെന്‍സറികള്‍ തുടങ്ങിയ അവശ്യ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇവ ഉപയോഗിക്കാന്‍ എത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ് എന്നതാണ് അധികൃതരെ നിരാശപ്പെടുത്തുന്നത്.

ഇക്കാരണത്താല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പുരുഷന്മാര്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് ബണ്ട്വാള്‍ മുനിസിപ്പാലിറ്റി ആലോചിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തിന്റെ കരാറുകാരന് അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണി കരാര്‍ ഉള്ളതിനാല്‍, ഈ കാലയളവിനുശേഷം മാത്രമേ ഏതെങ്കിലും മാറ്റങ്ങള്‍ പരിഗണിക്കാന്‍ കഴിയുകയുള്ളൂ. ആവശ്യമെങ്കില്‍ പുരുഷന്‍മാര്‍ക്ക് വേണ്ടി സൗകര്യം പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിന് ഭാവിയില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കാനും മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്.

അതേസമയം പൊതുജനങ്ങള്‍ക്കായി നിരവധി ടോയ് ലറ്റുകള്‍ നഗരത്തില്‍ ഒരുങ്ങുന്നുണ്ട്. ബി സി റോഡ് ഫ് ളൈ ഓവറിന് താഴെയുള്ള ഒരു പൊതു ടോയ് ലറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊതുജനങ്ങള്‍ക്കായി ഇത് തുറന്നുകൊടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

കൂടാതെ, കൊത്രമനഗുണ്ടിയിലെയും ബദ്ദകട്ടയിലെയും പൊതു ടോയ് ല റ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. പനേമംഗലൂര്‍ ടോയ് ലറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

'പിങ്ക് ടോയ് ലറ്റ് പ്രവര്‍ത്തനക്ഷമമാണ്, പുരുഷന്മാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ മുമ്പ് ആലോചിച്ചിരുന്നു, എന്നാല്‍ ഈ നിര്‍ദ്ദേശം ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നു. അതേസമയം, പൊതുജനങ്ങളുടെ ശുചിത്വ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ബി സി റോഡ് ഫ് ളൈഓവറിന് താഴെ നിര്‍മ്മിച്ച പൊതു ടോയ് ലറ്റ് ഉടന്‍ ഉദ്ഘാടനം ചെയ്യും,' - എന്ന് ബണ്ട്വാളിലെ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് ബി വാസു പൂജാരി ലോറെറ്റോ പറഞ്ഞു.

ഈ സംരംഭങ്ങളെല്ലാം ബണ്ട്വാളിലെ പൊതു ശുചിത്വവും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തുമെന്നും സൗകര്യം ഉപയോഗിക്കുന്നവര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ ഉറപ്പുനല്‍കുന്നു.

Related Articles
Next Story
Share it