ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്സഭാംഗത്വം പുന:സ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭ പുറത്തിറക്കി. തുടര്‍ന്ന് രാവിലെ 11.45ഓടെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തി. കഴിഞ്ഞ ദിവസമാണ് ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുന:സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കര്‍ ദിവസങ്ങള്‍ കടന്നിട്ടും എം.പി സ്ഥാനം പുന:സ്ഥാപിക്കുന്നതില്‍ തീരുമാനം എടുക്കാതിരുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
ലോക്സഭാഗത്വം പുന:സ്ഥാപിച്ചതിനാല്‍ രാഹുലിന് കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുല്‍ പാര്‍ലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയില്‍ ആവേശവവും ഊര്‍ജവും കൂടും. രാഹുലിന്റെ എം.പി സ്ഥാനം പുന:സ്ഥാപിച്ച നടപടിയെ മധുരം വിതരണം ചെയ്താണ് ഇന്ത്യാ സഖ്യം വരവേറ്റത്.
ഇന്ത്യ സഖ്യം നേതാക്കള്‍ക്ക് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മധുരവിതരണം ചെയ്തു. എല്ലാവര്ക്കും ഖാര്‍ഗെ നേരിട്ടാണ് മധുരം നല്‍കിയത്. അതിനിടെ എ.ഐ.സി.സി ആസ്ഥാനത്തും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ നൃത്തവും വാദ്യവുമായാണ് ആഘോഷിച്ചത്.