ARREST | ബംഗളൂരുവില്‍ ടെക്കി യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസില്‍ സൂക്ഷിച്ചു; പ്രതി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസില്‍ സൂക്ഷിച്ചു. ഭര്‍ത്താവ് രാകേഷിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നടുക്കുന്ന സംഭവം പുറത്തുവന്നത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഭാര്യ ഗൗരി അനില്‍ സാംബേക്കറാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാര്‍ച്ച് 27 ന് ബംഗളൂരുവിലെ ഹുലിമാവിനടുത്തുള്ള ദൊഡ്ഡ കമ്മനഹള്ളിയിലാണ് നടുക്കുന്ന കുറ്റകൃത്യം നടന്നത്.
രണ്ട് വര്‍ഷംമുമ്പാണ് രാകേഷ് ഗൗരിയെ വിവാഹം ചെയ്തത്. ഗൗരിയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ പീഡനമാണ് പിന്നീട് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസില്‍ സൂക്ഷിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് ഭാര്യയോടൊപ്പം ദൊഡ്ഡ കമ്മനഹള്ളിയിലാണ് താമസിച്ചിരുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇരുവര്‍ക്കും ജോലി. സംഭവദിവസം രാത്രിയില്‍ ജോലി സംബന്ധമായ കാര്യങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ദേഷ്യത്തില്‍ ഗൗരി രാകേഷിന് നേരെ കത്തി എറിഞ്ഞു. അതേ കത്തി ഉപയോഗിച്ച് രാകേഷ് ഗൗരിയെ കഴുത്തിലും വയറിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഗൗരിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം രാകേഷ് വീട്ടില്‍ തന്നെ ഭക്ഷണം കഴിച്ചു. രാത്രി 11 മണിയോടെ മൃതദേഹം കാറില്‍ കടത്തികൊണ്ടുപോകാന്‍ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു. പിന്നീട് മൃതദേഹമടങ്ങിയ സ്യൂട്ട് കേസ് കുളിമുറിയില്‍ ഒളിപ്പിച്ച ശേഷം വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.
16 മണിക്കൂറിനുശേഷം രാകേഷ് തന്നെ അയല്‍ക്കാരനെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ഗൗരി ആത്മഹത്യ ചെയ്തതാണെന്നാണ് രാകേഷ് അയല്‍ക്കാരനെ അറിയിച്ചത്. സംശയം തോന്നിയ അയല്‍ക്കാരന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാകേഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ഹുളിമാവു പൊലീസ് പൂനെ പൊലീസിനെ അറിയിച്ചു.
അതേസമയം, രാകേഷ് പൂനെയിലെ ഷിര്‍വാള്‍ പൊലീസ് സ്റ്റേഷനിലെത്തുകയും അവിടെ വെച്ച് വിഷം കഴിക്കുകയും ചെയ്തു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. ആശുപത്രിയിലെ ചികിത്സയില്‍ സുഖം പ്രാപിച്ചതോടെ ബംഗളൂരുവിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.