തിരുവനന്തപുരം: ഒടുവില്‍ മുഖ്യമന്ത്രി തന്നെ മനസിലാക്കി കളിച്ചതോടെ വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറി. വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന് പറഞ്ഞ വ്യാപാരികളെ വേണ്ട രീതിയില്‍ നേരിടുമെന്നും മനസിലാക്കി കളിച്ചാല്‍ മതിയെന്നും വെല്ലുവിളിച്ച മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് മുഖ്യമന്ത്രി അയഞ്ഞത്. മുഖ്യമന്ത്രിയുടെ ഭീഷണി വകവെക്കാതെ വ്യാഴാഴ്ച കടകള്‍ തുറക്കാനിരിക്കെ നേതാക്കളെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചതോടെയാണ് മഞ്ഞുരുകിയത്.
വ്യാപാരികളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വം നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് നല്കിയ ഉറപ്പ് പരിഗണിച്ചാണ് പിന്മാറ്റമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാരികളുമായി ചര്‍ച്ച നടത്താമെന്നും ആവശ്യമായ ഇളവുകള്‍ നല്കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച കടകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.
മാസങ്ങളായി തുടരുന്ന ലോക്ക്ഡൗണ്‍ ഉപജീവനം പ്രതിസന്ധിയിലാക്കിയെന്നും ഈ സാഹചര്യത്തില്‍ ഇനിമുതല്‍ എല്ലാ ദിവസവും സ്വന്തം നിലക്ക് കടകള്‍ പൂര്‍ണമായും തുറക്കുമെന്നും ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പര്യാപ്തമല്ലെന്നും ടി. നസറുദ്ദീന്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍, വ്യാപാരികളുടെ ഈ നിലപാടിനെതിരെ ഇന്നലെ മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ എങ്ങിനെ നേരിടണമെന്ന് അറിയാമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
അതിനിടെ മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കാനും ശ്രമം നടത്തി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വ്യാപാരികളെ വിളിച്ചത്. വ്യാപാരികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും രംഗത്തെത്തിയിട്ടുണ്ട്. വ്യാപാരികളോട് ഈ രീതിയില്‍ പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ യുഡിഎഫ് വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് ചൂണ്ടിക്കാട്ടി.