കാട് നിറഞ്ഞ് വൈദ്യുതി തൂണ്‍; അംഗന്‍വാടിക്ക് ഭീഷണി

പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരിസരവാസികള്‍

കുമ്പള: കാട്ടുവള്ളി വൈദ്യുതി തൂണില്‍ പടര്‍ന്ന് കയറി കമ്പിയില്‍ മുട്ടി നില്‍ക്കുന്നത് അംഗണ്‍വാടി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു. പരാതി പറഞ്ഞിട്ടും വൈദ്യുതി അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരിസരവാസികളുടെ ആരോപണം. കുമ്പള ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ കൊടിയമ്മ ചേപ്പനടുക്കയിലും അഞ്ചാം വാര്‍ഡായ കൊടിയമ്മ ചൂരിത്തട സന്തോഷ് നഗറിലുമുള്ള വൈദ്യുതി തൂണുകളിലുമാണ് കാട്ടുവള്ളി പടര്‍ന്ന് വൈദ്യുതി കമ്പികളില്‍ മുട്ടി നില്‍ക്കുന്നത്.

ചേപ്പനടുക്കയിലെ അംഗണ്‍വാടി കെട്ടിടത്തിന് സമീപത്തെ വൈദ്യുതി തൂണില്‍ പടര്‍ന്ന കാട്ടുവള്ളി എച്ച്.ഡി. ലൈനില്‍ മുട്ടി നില്‍ക്കുന്നത് ഭീഷണിയാവുകയാണ്. ചൂരിത്തടുക്കയില്‍ വൈദ്യുതി തൂണില്‍ കാട്ടുവള്ളി പടര്‍ന്ന് കയറി വൈദ്യുതി കമ്പികളില്‍ മുട്ടി നില്‍ക്കുന്നതും നാട്ടുകാര്‍ക്ക് ദുരിതമായി മാറുന്നു. മഴക്കാലമായതിനാല്‍ കമ്പികളിയില്‍ നിന്ന് വൈദ്യുതി പ്രവാഹം കാട്ടുവള്ളിയിലെത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് ഷോക്കേല്‍ക്കാന്‍ കാരണമാകുമെന്നും ഇതിനെതിരെ പല തവണ കുമ്പള വൈദ്യുതി ഓഫീസില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

Related Articles
Next Story
Share it