കുമ്പളയില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കരണത്തില്‍ വ്യാപക പ്രതിഷേധം
15നുശേഷം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍

കുമ്പള: കുമ്പളയില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണത്തില്‍ വ്യാപക പ്രതിഷേധം. വ്യാപാരികളും സങ്കടത്തിലായി. മൂന്ന് ദിവസം മുമ്പ് കുമ്പള പഞ്ചായത്ത് ഭരണ സ്മിതി നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കരണമാണ് താളം തെറ്റുന്നത്. ടൗണിന്റെ ഹൃദയ ഭാഗത്ത് ആള്‍ക്കാര്‍ എത്താത്തത് കാരണം കച്ചവടം ഇടിഞ്ഞതായി വ്യാപാരികള്‍ പറയുന്നു. കുമ്പള പഴയ ബസ് സ്റ്റാന്റിലെ വ്യാപാരികള്‍ കച്ചവടം നടക്കാത്തത് കാരണം ദുരിതത്തിലാണ്.
കാസര്‍കോട്, തലപ്പാടി ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസുകളും കര്‍ണ്ണാടക, കേരള ട്രാന്‍സ് പോര്‍ട്ട് ബസുകളും കുമ്പള ടൗണില്‍ ഒരിടത്തും നിര്‍ത്താതെ നേരെ ബദിയടുക്ക റോഡില്‍ പുതിയതായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറില്‍ നിര്‍ത്തി യാത്രക്കാരെ ഇവിടെ ഇറക്കുകയും ഇവിടെ നിന്ന് തന്നെ കയറ്റി കുമ്പള ടൗണില്‍ നിന്ന് യാത്രക്കാരെ കയറ്റാതെ പോകുകയുമാണ് ചെയ്യുന്നത്.
ബദിയടുക്ക, മുള്ളേരിയ, പേരാല്‍ കണ്ണൂര്‍, പെര്‍മുദെ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ബസുകളും ഇതേ രീതിയിലാണ് സര്‍വ്വീസ് നടത്തുന്നത്. ഇത് ബസ് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബദിയടുക്ക റോഡില്‍ ബസ് ഇറിങ്ങിയതിന് ശേഷം പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, വൈദ്യുതി ഓഫീസ്, അക്ഷയസെന്റര്‍, വാട്ടര്‍ അതോറിറ്റി ഓഫീസ് എന്നീ സ്ഥാപനങ്ങളില്‍ എത്താന്‍ 750 മീറ്ററോളം നടക്കണം. ബദിയടുക്ക, മുള്ളേരിയ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ പുതിയതായി സ്ഥാപിച്ച ഷെല്‍ട്ടറില്‍ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്താല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഴയ സ്ഥലത്ത് നിര്‍ത്തിയിടുമ്പോള്‍ ഇവിടെ ഗതാഗത സ്തംഭനം നിത്യ സംഭവമായി മാറിയിരുന്നു. മംഗളൂരു, കാസര്‍കോട് ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകളും ബദിയടുക്ക ഭാഗത്ത് നിന്ന് വരുന്ന മറ്റു ബസുകളും കുമ്പള പ്രകാശ് മെഡിക്കല്‍ ഷോപ്പിന് സമീപത്ത് യാത്രക്കാരെ ഇറക്കിയതിന് ശേഷം ബദിയടുക്ക റോഡില്‍ പുതിയതായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറില്‍ നിന്ന് യാത്രക്കാരെ കയറ്റി കുമ്പള ടൗണില്‍ ഒരിടത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റി പോകണമെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. 15നുശേഷം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.