അറ്റകുറ്റപ്പണിയുടെ പേരില്‍ രണ്ട് പോക്കറ്റ് റോഡുകള്‍ ഒരേ സമയം അടച്ചിട്ടു; ദുരിതത്തിലായി വാഹന യാത്രക്കാര്‍
കുമ്പള റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള സര്‍ക്കാര്‍ ആസ്പത്രി റോഡും ഇതിന് സമീപത്തെ മാട്ടകോയി റോഡുമാണ് അടച്ചിട്ടത്

കുമ്പള: അറ്റകുറ്റപ്പണിയുടെ പേരില്‍ രണ്ട് പോക്കറ്റ് റോഡുകള്‍ ഒരേ സമയത്ത് അടച്ചിട്ടത് വാഹന യാത്രക്കാര്‍ക്ക് ദുരിതമായി. കുമ്പള റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള സര്‍ക്കാര്‍ ആസ്പത്രി റോഡും ഇതിന് സമീപത്തെ മാട്ടകോയി റോഡുമാണ് ദേശീയ പാത അധികൃതര്‍ അറ്റകുറ്റപ്പണിക്ക് വേണ്ടി അടച്ചിട്ടത്. സര്‍വീസ് റോഡിന്റെ പ്രവൃത്തി നടക്കുന്ന സമയത്ത് ഈ രണ്ട് പോക്കറ്റ് റോഡുകളും പൊട്ടി പൊളിഞ്ഞിരുന്നു.
ഇത് കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടിയാണ് വ്യാഴാഴ്ച രാവിലെ റോഡുകള്‍ അടച്ചത്. ഇക്കാര്യമറിയാതെ കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ കൂടി പോകുന്ന വാഹനങ്ങള്‍ എത്തുമ്പോഴാണ് റോഡ് അടിച്ചിട്ട നിലയില്‍ കാണുന്നത്. തുടര്‍ന്ന് ഇതിന് സമീപത്തെ മാട്ടകോയി റോഡില്‍ കൂടി കടന്നുപോകാനായി അവിടെ എത്തുമ്പോഴാണ് അതും അടച്ചിട്ടത് ശ്രദ്ധയില്‍പ്പെടുന്നത്.
വീണ്ടും ആസ്പത്രി റോഡിലേക്ക് എത്തണമെങ്കില്‍ വാഹനങ്ങള്‍ ഇവിടെ നിന്ന് തിരിഞ്ഞ് കുമ്പള ടൗണില്‍ കൂടി അനില്‍ കുമ്പള റോഡില്‍ കൂടി പോകണം. സര്‍ക്കാര്‍ ആസ്പത്രി, മല്ലിക ഗ്യാസ് ഏജന്‍സി, ഐ.എച്ച്.ആര്‍.ഡി.കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കെത്താനുള്ള പ്രധാന റോഡുകള്‍ കൂടിയാണ് അടച്ചിട്ടത്. ഇനി റോഡുകള്‍ തുറക്കണമെങ്കില്‍ അഞ്ച് ദിവസം വേണമെന്നാണ് അധികൃതര്‍ പറയുന്നത്. റോഡ് അടച്ചിട്ടതില്‍ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.