രാത്രി 7 മണി കഴിഞ്ഞാല്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ കുമ്പള ബസ് സ്റ്റാന്റില്‍ കയറുന്നില്ല; പരക്കം പാഞ്ഞ് യാത്രക്കാര്‍

കാസര്‍കോട്ട് നിന്ന് വരുന്ന ബസുകള്‍ സര്‍വ്വീസ് റോഡിലിറങ്ങി പള്ളിക്ക് സമീപം യാത്രക്കാരെ ഇറക്കി ദേശീയപാത വഴി കടന്നുപോവുന്നു.

കുമ്പള: രാത്രി ഏഴ് മണി കഴിഞ്ഞാല്‍ കേരള-കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ കുമ്പള ബസ് സ്റ്റാന്റില്‍ കയറുന്നില്ലെന്ന് പരാതി. ഇതുമൂലം യാത്രക്കാര്‍ പരക്കം പായുന്നു. കാസര്‍കോട്ട് നിന്ന് വരുന്ന ബസുകള്‍ സര്‍വ്വീസ് റോഡിലിറങ്ങി കുമ്പള പള്ളിക്ക് സമീപം യാത്രക്കാരെ ഇറക്കി നേരെ ദേശീയപാത വഴി കടന്നുപോവുന്നു.

ചില ബസുകള്‍ കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ അടിപ്പാതയില്‍ കൂടി കുമ്പള ടൗണിന് സമീപത്തെ സര്‍വീസ് റോഡില്‍ യാത്രക്കാരെ ഇറക്കി ദേശീയപാതയില്‍ കൂടി കടന്നുപോവുകയാണ്. ഈ രണ്ട് വഴികളില്‍ വരുന്ന ബസുകള്‍ ബസ് സ്റ്റാന്റ് തൊടാതെയാണ് കടന്നു പോവുന്നത്.

കൈക്കുഞ്ഞുങ്ങളുമായി ബസ് സ്റ്റാന്റില്‍ ബസുകളെ കാത്തിരിക്കുന്ന സ്ത്രീകളടക്കം നിരവധി യാത്രക്കാര്‍ സര്‍വീസ് റോഡില്‍ ബസുകളെ കാണുമ്പോള്‍ റോഡ് മുറിച്ച് കടന്ന് പരക്കം പായുന്നതിനിടെ മറ്റു വാഹനങ്ങള്‍ തട്ടി അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്.

ചില യാത്രക്കാര്‍ മഴ നനഞ്ഞ് ബസുകളെ കാത്ത് സര്‍വീസ് റോഡിന്റെ സമീപത്ത് നില്‍ക്കുന്നു. കാസര്‍കോട് മുതല്‍ തലപ്പാടി വരെ ഗതാഗതക്കുരുക്ക് ഒഴിവായിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും എന്ത് കൊണ്ടാണ് ബസുകള്‍ സ്റ്റാന്റില്‍ കയറാത്തതെന്നാണ് യാത്രക്കാരുടെ ചോദ്യം. ബസ് സ്റ്റാന്റില്‍ കയറാത്ത ബസുകളെ തടയാന്‍ ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles
Next Story
Share it