കുമ്പളയില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; 14 കുട്ടികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
കുമ്പള സ്‌കൂളില്‍ ഇടക്കിടെയുണ്ടാകുന്ന ഇത്തരം സംഘട്ടനം പൊലീസിന് തലവേദനയായിരിക്കുകയാണ്

കുമ്പള: കുമ്പള സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ പതിനാല് കുട്ടികള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ 14 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
അക്രമത്തില്‍ കുട്ടിയുടെ മുഖത്താണ് പരിക്കേറ്റത്. ഇതുസംബന്ധിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അടുത്തിടെയാണ് മുതിര്‍ന്ന കുട്ടികള്‍ തമ്മില്‍ പൊതുനിരത്തില്‍ അടിപിടി കൂടിയ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുമ്പള സ്‌കൂളില്‍ ഇടക്കിടെയുണ്ടാകുന്ന ഇത്തരം സംഘട്ടനം പൊലീസിന് തലവേദനയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന കുട്ടികള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.