സ്‌കൂള്‍ കലോത്സവം; കുമ്പള സ്‌കൂളില്‍ പലസ്തീന്‍ പ്രമേയമാക്കിയുള്ള മൂകാഭിനയം തടഞ്ഞ് അധ്യാപകര്‍; വിദ്യാര്‍ത്ഥികളെ പൊലീസ് വിരട്ടിയോടിച്ചു

വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതിരുന്നതോടെ കുമ്പള പൊലീസിന്റെ സഹായം തേടുകയായിരുന്നു

കുമ്പള: കുമ്പള സ്‌കൂള്‍ കലോത്സവത്തിനിടെ പലസ്തീന്‍ പ്രമേയമാക്കിയുള്ള മൂകാഭിനയം അവതരിപ്പിക്കാനുള്ള ശ്രമം അധ്യാപകര്‍ തടഞ്ഞു. ഇതോടെ സ്റ്റേജില്‍ ഇരച്ചുകയറിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ പൊലീസ് വിരട്ടിയോടിച്ചു. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന കലോത്സവ പരിപാടിക്കിടെ ചില വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച വൈകിട്ടോടെ മൂകാഭിനയം അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ സ്റ്റേജിന്റെ കര്‍ട്ടന്‍ അധ്യാപകര്‍ താഴ്ത്തി.

ഇതില്‍ പ്രതിഷേധിച്ച് ചില വിദ്യാര്‍ത്ഥികള്‍ സ്റ്റേജിലേക്ക് ഇരച്ച് കയറുകയായിരുന്നു. വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതിരുന്നതോടെ കുമ്പള പൊലീസിന്റെ സഹായം തേടി. പൊലീസെത്തി വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രശ്നം രൂക്ഷമാകുകയാണുണ്ടായത്. പിന്നീട് കൂട്ടം കൂടി നിന്ന വിദ്യാര്‍ത്ഥികളെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. കലോത്സവം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചെങ്കിലും കലോത്സവം ഇനി നടക്കാന്‍ സാധ്യതയില്ലെന്നാണ് ചില അധ്യാപകര്‍ പറയുന്നത്.

Related Articles
Next Story
Share it