ഡിവൈഡറില്‍ നിന്ന് പുറത്തേക്ക് തള്ളി നിന്ന ഇരുമ്പ് കമ്പി തുളച്ചുകയറി യാത്രക്കാര്‍ക്ക് പരിക്ക്
പള്ളിക്കര മൗവ്വലിലെ ഷെബാബ്, ഫയാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

കുമ്പള: ഡിവൈഡറിന്റെ പുറത്തേക്ക് തള്ളി നിന്ന ഇരുമ്പ് കമ്പിയിലേക്ക് കാര്‍ പാഞ്ഞു കയറി യാത്രക്കാര്‍ക്ക് പരിക്ക്. പള്ളിക്കര മൗവ്വലിലെ ഷെബാബ്( 24), ഫയാദ്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴര മണിയോടെ കുമ്പള ജുമാ മസ്ജിദിന് സമീപത്താണ് അപകടം.
പള്ളിക്കരയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ഇവര്‍. ഡിവൈഡറിന്റെ പുറത്തേക്ക് തള്ളി നിന്ന കോണ്‍ക്രീറ്റ് കമ്പി നിയന്ത്രണം വിട്ട ആള്‍ട്ടോ കാറിന്റെ ഗ്ലാസിലേക്ക് തുളച്ചു കയറി കാര്‍ ഓടിച്ച ഷെബാബിന്റെ കൈക്ക് തുളച്ച് കയറുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതോടെ മുന്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ഫയാദിന്റെ കാല്‍ കാറില്‍ കുടുങ്ങി മുട്ടിന് പരിക്കേറ്റു.
നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ പൊളിച്ച് മാറ്റിയതിന് ശേഷമാണ് രണ്ട് പേരെയും പുറത്തെടുത്ത് കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ പിന്നീട് രണ്ട് പേരെയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി.