ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍

ചള്ളങ്കയ്യയിലെ സെയ്യിദിനെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കുമ്പള: ഗള്‍ഫുകാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പ്രധാന പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ധര്‍മ്മത്തടുക്ക ചള്ളങ്കയ്യയിലെ സെയ്യിദിനെ(28)യാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച്ച ഉച്ചയോടെ കുമ്പള ചര്‍ച്ചിന് സമീപത്ത് വെച്ചാണ് ഗള്‍ഫുകാരനായ മുളിയടുക്കയിലെ റഷീദിനെ തട്ടിക്കൊണ്ടു പോയത്. ഫോര്‍ച്യൂണര്‍ കാറിലെത്തിയ സംഘം ബലമായി റഷീദിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി സീതാംഗോളിയുടെ വിവിധ ഭാഗത്ത് വെച്ച് മര്‍ദ്ദിക്കുകയും പൊലീസ് പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയതോടെ സംഘം പകുതിവഴിയില്‍ റഷീദിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.

18 ലക്ഷം രൂപയുടെ ഇടപാടിനെ ചൊല്ലിയാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതിക്കും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിനും വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. രണ്ടില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായാണ് പൊലീസിന് കിട്ടിയ വിവരം. ഇത് കൂടി അന്വേഷിക്കുന്നുണ്ട്.

Related Articles
Next Story
Share it