പെണ്‍കുട്ടിയുടെ ദേഹത്ത് മുട്ടിയെന്നാരോപിച്ച് മധ്യവയസ്‌കനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ടു
ആക്രമണത്തിന് വിധേയമായത് ബദിയഡുക്ക സ്വദേശി

കുമ്പള: പെണ്‍കുട്ടിയുടെ ദേഹത്ത് മുട്ടിയെന്നാരോപിച്ച് മധ്യവയസ്‌ക്കനെ ചിലര്‍ വൈദ്യുതി തൂണില്‍ കെട്ടിയിട്ടു. കഴിഞ്ഞ ദിവസം കുമ്പള ടൗണിലാണ് സംഭവം. ഒരു കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് മദ്യലഹരിയിലായിരുന്ന മധ്യവയസ്‌ക്കന്‍ ഇറങ്ങി വരുമ്പോള്‍ മാതാവും മകളും ഏണിപ്പടി കയറുന്നതിനിടെ പെണ്‍കുട്ടിയുടെ ദേഹത്ത് മുട്ടിയെന്ന് പറഞ്ഞ് മാതാവ് ബഹളം വെച്ചു.
ഇതോടെ അവിടെ ഉണ്ടായിരുന്ന ഒരു സംഘം ആളുകള്‍ ഓടിയെത്തുകയും മദ്യപാനിയെ കൈകാര്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ തുണില്‍ കൈകള്‍ ബന്ധിച്ച് കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമ്പള പൊലീസ് മധ്യവയസ്‌ക്കനെ മോചിപ്പിക്കുകയും സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ ഇയാള്‍ ബദിയഡുക്ക സ്വദേശിയാണെന്ന് വ്യക്തമായി. എന്നാല്‍ പരാതി ഇല്ലെന്ന് പറഞ്ഞതോടെ രാത്രിയോടെ ഇയാളെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു.