നിയമലംഘനം നടത്തുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്കെതിരെ നടപടിയുമായി കുമ്പള പൊലീസ്; 13 പേര്‍ കസ്റ്റഡിയില്‍
കുട്ടി ഡ്രൈവര്‍മാരേയും കയ്യോടെ പിടികൂടി

കുമ്പള: നിയമലംഘനം നടത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി കുമ്പള പൊലീസ്. ബന്തിയോട് വെച്ച് ലൈന്‍സന്‍സും ഹെല്‍മെറ്റുമില്ലാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ച 13 പേരെയും ഇവര്‍ ഓടിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടി ഡ്രൈവര്‍മാരേയും കയ്യോടെ പിടികൂടിയെങ്കിലും ഇവരെ പ്രായപൂര്‍ത്തിയാകാതെ റോഡിലൂടെ വാഹനം ഓടിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തുകയും വാഹന ഉടമകളെ വിളിച്ച് വരുത്തി അവര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, കുമ്പള എസ്.ഐ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബന്തിയോട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. കുമ്പളയിലും പരിസരത്തും വര്‍ദ്ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം നല്‍കുന്ന ആര്‍.സി. ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അടുത്ത ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് പറഞ്ഞു.