കുമ്പള ബസ് ഷെല്‍ട്ടര്‍ അഴിമതി; പ്രസിഡണ്ടിന്റെ ഭര്‍ത്താവ് രേഖകള്‍ പരിശോധിക്കുന്ന ദൃശ്യം പുറത്ത്

കുമ്പള: കുമ്പളയിലെ ബസ് ഷെല്‍ട്ടര്‍ അഴിമതി പുറത്ത് കൊണ്ടുവന്നതിന്റെ പിന്നില്‍ മണല്‍ മാഫിയയെന്ന് സംശയം. ഭരണ സമിതിയില്‍ പ്രശ്‌നം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ പ്രസിഡണ്ടിന്റെ ചേമ്പറില്‍ കയറി ഭര്‍ത്താവ് രേഖകള്‍ പരിശോധിക്കുന്നത് മറ്റൊരു വിവാദത്തിന് തീ കൊളുത്തി. ഇന്നലെ ഒരു പ്രമുഖ വാര്‍ത്ത ചാനലില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവ് പ്രസിഡണ്ടിന്റെ ചേമ്പറില്‍ കയറി രേഖകള്‍ പരിശോധിക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. രേഖകള്‍ പരിശോധിക്കുന്ന ദൃശ്യം ഭരണസമിതിയിലെ ഒരു പഞ്ചായത്തംഗമാണ് ചാനലിന് നല്‍കിയതെന്ന് പറയുന്നു. വാര്‍ത്ത വന്നതോടെ വിശദീകരണവുമായി ചില ലീഗ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. മെയ് മാസത്തിലാണ് ഒരു രേഖ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവ് പരിശോധിച്ചത്. അന്ന് മൊബൈല്‍ ഫോണില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വിട്ടതെന്നാണ് ചില ലീഗ് നേതാക്കള്‍ പറയുന്നത്. പ്രസിഡണ്ടിന്റെ ഭര്‍ത്താവ് പഞ്ചായത്തിലെ ഔദ്യോഗക രേഖകള്‍ പരിശോധിച്ചതിനെ ചൊല്ലി ഭരണസമിതിയിലും പ്രവര്‍ത്തകര്‍ക്കിടയിലും പ്രശ്‌നം പുകയുകയാണ്. ബദിയടുക്ക റോഡില്‍ നാല് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഷെല്‍ട്ടറിന് 39 ലക്ഷം രൂപ ചെലവ് കാണിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ അഴിമതി നടന്നതായി ആരോപണമുന്നയിച്ചതിന് പിന്നില്‍ മണല്‍ മാഫിയ സംഘമെന്നാണ് ലീഗിലെ ചില നേതാക്കള്‍ പറയുന്നത്. ലീഗിന്റെ സ്വാധീനത്തിലുണ്ടായിരുന്ന ഒരു കടവ് അടച്ച് പൂട്ടിയതിന്റെ പകയാണ് അഴിമതി പുറത്ത് കൊണ്ടുവരാന്‍ കാരണമെന്നും പറയുന്നു. കടവ് അടച്ച് പൂട്ടാന്‍ കളിച്ചതില്‍ ചില നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്നാണ് പറയുന്നത്. 12 ലക്ഷം രൂപ വേണ്ടിടത്ത് 39 ലക്ഷം രൂപ കാണിച്ച് ബാക്കി പണം തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് സി.പി.എമ്മിലെ അഡ്വ. രജിത പരാതി നല്‍കിയിരുന്നു. പ്രശ്‌നം രൂക്ഷമായതോടെ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന് ഉറച്ച നിലപാടെടുത്ത സെക്രട്ടറിയെ പ്രസിഡണ്ടിന്റെ ഭര്‍ത്താവും കരാറുകാരനും ചേര്‍ന്ന് സെക്രട്ടറിയെ അസഭ്യം പറഞ്ഞു. പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് സെക്രട്ടറി സുമേഷ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് രണ്ട് പേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്തതോടെ പ്രശ്‌നം ചൂട് പിടിക്കുകയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇതിനിടെ പഞ്ചായത്ത് പ്രസിഡണ്ട് നേരിട്ട് ഷെല്‍ട്ടറിന്റെ അഴിമതി അന്വേഷിക്കണമെന്ന് കാണിച്ച് മന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it