കുമ്പളയില്‍ എക് സൈസിന്റെ വാഹനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറിന് പിറകിലിടിച്ച് ജീവനക്കാര്‍ക്ക് പരിക്ക്
ആറ് മാസത്തിനിടെ ഭാസ്‌ക്കര്‍ നഗര്‍ റോഡില്‍ അപകടത്തില്‍പ്പെട്ടത് നിരവധി വാഹനങ്ങള്‍

കുമ്പള: ഭാസ്‌ക്കര്‍ നഗര്‍ റോഡില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും രക്ഷയില്ല. കുമ്പള എക് സൈസിന്റെ വാഹനം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറിന് പിറകിലിടിച്ച് എക് സൈസ് ജീവനക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. എക് സൈസ് സിവില്‍ ഓഫിസര്‍മാരായ സുബിന്‍, അസീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തി ചികിത്സ തേടി.
ശനിയാഴ്ച വൈകിട്ട് പരിശോധനയ്ക്ക് ഇറങ്ങിയ എക്‌സൈസ് സംഘമാണ് അപകടത്തില്‍പ്പെട്ടത്. മഴയത്ത് വാഹനം തെന്നിയതിന് ശേഷം നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കാറിന്റെ പിറകിലേക്ക് ഇടിക്കുകയായിരുന്നു. ആറ് മാസത്തിനിടെ ഭാസ്‌ക്കര്‍ നഗര്‍ റോഡില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പലര്‍ക്കും ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
ഇത്രയൊക്കെ അപകടങ്ങള്‍ കണ്‍മുന്നില്‍ നടന്നിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പ് മുള്ളേരിയ കുമ്പള റോഡിന്റെ പ്രവര്‍ത്തിക്ക് ശേഷമാണ് അപകടം വര്‍ദ്ധിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ മിനുസമാണ് അപകടത്തിന് കാരണമെന്നും ഇവര്‍ പറയുന്നു.