കോഴിക്കോട് പന്നിയങ്കര കവര്‍ച്ചാക്കേസില്‍ കുമ്പള പച്ചമ്പള സ്വദേശി റിമാണ്ടില്‍; ഒരുവര്‍ഷം മുമ്പ് കാപ്പ ചുമത്തപ്പെട്ട യുവാവ് 4 വാറണ്ട് കേസുകളിലും പ്രതി

പച്ചമ്പളയിലെ ഇര്‍ഷാദ് എന്ന കുട്ടാപ്പി ഇര്‍ഷാദിനെതിരെയാണ് കോഴിക്കോട് കോടതിയുടെ നടപടി

കുമ്പള: കോഴിക്കോട് പന്നിയങ്കര കവര്‍ച്ചാക്കേസില്‍ പ്രതിയായ കുമ്പള പച്ചമ്പള സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. പച്ചമ്പളയിലെ ഇര്‍ഷാദ് എന്ന കുട്ടാപ്പി ഇര്‍ഷാദിനെ(38)യാണ് കോഴിക്കോട് കോടതി റിമാണ്ട് ചെയ്തത്. കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എട്ടോളം കേസുകളില്‍ പ്രതിയായ ഇര്‍ഷാദിനെ കോഴിക്കോട് പന്നിയങ്കര പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

കാസര്‍കോട് സ്വദേശിയും പന്നിയങ്കരയില്‍ താമസക്കാരനുമായ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇര്‍ഷാദ് മുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് ലക്ഷം രൂപ വില മതിക്കുന്ന ജാവ എസ്തി ബൈക്ക് അടിച്ചു തകര്‍ക്കുകയും വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടിനകത്തുണ്ടായിരുന്ന 14000 രൂപയും 5000 രൂപ വില മതിക്കുന്ന സ്വീറ്റ് കോണും കവര്‍ന്നതിനാണ് കേസ്.

പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട ഇര്‍ഷാദ് കുറ്റിച്ചിറ മിശ് ക്കാല്‍ പള്ളിക്ക് സമീപം ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പന്നിയങ്കര എസ്.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

വധശ്രമം, ഭിഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കൈവശം വച്ചതിനും മറ്റുമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എട്ടോളം കേസുകളിലും നാല് വാറണ്ട് കേസുകളിലും പ്രതിയാണ് ഇര്‍ഷാദ് എന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് കുമ്പള പൊലീസ് ഇര്‍ഷാദിനെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു.

Related Articles
Next Story
Share it