ലക്ഷങ്ങള്‍ മുടക്കി കുമ്പള പഞ്ചായത്ത് പണിത കെട്ടിടം നശിക്കുന്നു; തിരിഞ്ഞുനോക്കാതെ അധികൃതര്‍

സമീപത്തെ പൊതു ശൗചാലയം സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറി

കുമ്പള: ആര്‍ക്കും പ്രയോജനമില്ലാത്ത സ്ഥലത്ത് കുമ്പള പഞ്ചായത്ത് ലക്ഷകണക്കിന് രൂപ മുതല്‍ മുടക്കി പണിതീര്‍ത്ത കോംപ്ലക്‌സ് കാടുകയറി നശിക്കുന്നു. സമീപത്തെ പൊതു ശൗചാലയം സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറി. ആറ് വര്‍ഷം മുമ്പ് കുമ്പള സ്‌കൂള്‍ റോഡില്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കി പഞ്ചായത്ത് പണി തീര്‍ത്ത രണ്ടുനില കെട്ടിടമാണ് കാടുകയറി നശിക്കുന്നത്.

താഴത്തെ നിലയിലെ ഷട്ടറുകള്‍ ദ്രവിച്ച് നശിക്കുന്നുണ്ട്. കെട്ടിടത്തിനകത്ത് സ്ലാബുകള്‍ തകര്‍ന്നു വീഴാന്‍ തുടങ്ങി. തീരെ ജന സഞ്ചാരമില്ലാത്ത റോഡില്‍ കോംപ്ലക്‌സ് പണിയുമ്പോള്‍ തന്നെ ഭരണ പക്ഷത്ത് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ഇതൊന്നും വില കല്‍പ്പിക്കാതെയാണ് കെട്ടിടം പണിതീര്‍ത്തത്. കുമ്പള ടൗണില്‍ നിന്ന് 400 മീറ്റര്‍ ദൂരമുള്ള സ്ഥലത്ത് മുറികള്‍ ആരാണ് വാടകക്ക് വാങ്ങുന്നതെന്ന ചോദ്യം അന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ സമീപത്ത് പൊതു ജനങ്ങള്‍ക്കായി പണി തീര്‍ത്ത രണ്ട് പൊതു ശൗചാലയങ്ങള്‍ സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറി. രാത്രി കാലങ്ങളില്‍ ഇവിടെ മദ്യപാനികള്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it