കുമ്പള ഭാസ്‌ക്കര നഗറില്‍ 3 മാസത്തിനിടെ നടന്നത് പത്തോളം വാഹനാപകടങ്ങള്‍

അപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡിന്റെ മിനുസമാണെന്ന് നാട്ടുകാര്‍

കുമ്പള: കുമ്പള ഭാസ്‌ക്കര നഗറില്‍ മൂന്ന് മാസത്തിനിടെ നടന്നത് പത്തോളം വാഹനാപകടങ്ങള്‍. കഴിഞ്ഞദിവസം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടങ്ങള്‍ക്ക് പ്രധാന കാരണം റോഡിന്റെ മിനുസമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെറുതായി വാഹനങ്ങള്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്.

ഒന്നര ആഴ്ച മുമ്പ് രാത്രി പത്ത് മിനിട്ട് വ്യത്യാസത്തില്‍ രണ്ട് കാറുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഇരു കാറുകളിലായി പത്തോളം പേര്‍ക്ക് പരിക്കുമേറ്റു. ചെറുതും വലുതുമായ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

ഒന്നര വര്‍ഷം മുമ്പാണ് കുമ്പള മുള്ളേരിയ റോഡിന്റെ പണി പൂര്‍ത്തിയായത് .അതിന് ശേഷമാണ് ഇത്രയും അപകടങ്ങള്‍ നടന്നത്. അപകടങ്ങള്‍ പെരുകിയിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Related Articles
Next Story
Share it