ബദിയടുക്ക: അന്തരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ സായിറാം കെ.എന്‍ ഗോപാലകൃഷ്ണഭട്ടിന്റെ മകന് കെ.എന്‍ കൃഷ്ണഭട്ട് ബദിയടുക്ക പഞ്ചായത്ത് അംഗത്വം രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസി. സെക്രട്ടറിക്ക് ഇന്നലെ കൈമാറി. അതേ സമയം രാജിക്കത്ത് സ്വീകരിക്കാനുള്ള അധികാരം അസി. സെക്രട്ടറിക്കില്ലെന്നും സെക്രട്ടറിക്കാണ് അധികാരമെന്നുമുള്ള ചട്ടം നിലനില്‍ക്കുന്നുണ്ട്. രാജിക്കത്ത് സ്വീകരിക്കുന്നതിന് അസി. സെക്രട്ടറിക്ക് തടസമുണ്ടെങ്കില്‍ സെക്രട്ടറിക്ക് രജിസ്ട്രേഡ് പോസ്റ്റ് ആയി അയച്ചുകൊടുക്കുമെന്ന് കൃഷ്ണഭട്ട് പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി, പഞ്ചായത്ത് സമിതി പ്രസിഡണ്ട് വിജയസായി, ബി.ജെ.പി മണ്ഡലം ട്രഷറര്‍ മഹേശ വളക്കുഞ്ച, ബ്ലോക്ക് പഞ്ചായത്തംഗം അശ്വിനി, പഞ്ചായത്തംഗം ശങ്കരന് തുടങ്ങിയവര്‍ക്കൊപ്പമാണ് കൃഷ്ണഭട്ട് പഞ്ചായത്ത് ഓഫീസിലെത്തി രാജിക്കത്ത് നല്‍കിയത്.
ബി.ജെ.പി സംസ്ഥാനസമിതി അംഗത്വത്തിന് പുറമെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും കൃഷ്ണഭട്ട് ഉടന്‍ ഒഴിയും. രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ച് സാമൂഹ്യ-ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്ന് കൃഷ്ണഭട്ട് പറഞ്ഞു. ബദിയടുക്ക പഞ്ചായത്തില്‍ മൊത്തം 19 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും എട്ട് വീതം സീറ്റുകള്‍ ലഭിക്കുകയായിരുന്നു. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിക്കുകയായിരുന്നു. യു.ഡി.എഫില്‍ ലീഗിന് അഞ്ച് സീറ്റുകളും കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളും ലഭിച്ചു. മുസ്ലിംലീഗിലെ കെ. ശാന്ത പ്രസിഡണ്ടും കോണ്‍ഗ്രസിലെ എം. അബ്ബാസ് വൈസ് പ്രസിഡണ്ടുമാണ്. കൃഷ്ണഭട്ട് രാജിവെച്ചതോടെ ബി.ജെ.പിയുടെ സീറ്റ് ഏഴായി കുറഞ്ഞു. ഒരു സ്വതന്ത്രന് ഉള്‍പ്പെടെ മൂന്ന് മെമ്പര്‍മാരാണ് എല്‍.ഡി.എഫിനുള്ളത്.