പങ്കാളിയെ കേബിള്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചു, വധഭീഷണി മുഴക്കി; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവന്‍ അറസ്റ്റില്‍

യുവതിയുടെ ദേഹം മുഴുവനും ചാര്‍ജര്‍ കൊണ്ട് അടിച്ച പാടുകള്‍

കൊച്ചി: പങ്കാളിയെ കേബിള്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് അറസ്റ്റുചെയ്തു. പങ്കാളിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഗോപു ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഗോപുവില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നുവെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയത് ജീവന്‍ രക്ഷിക്കാനാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോവുമ്പോഴാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. അതിക്രൂരമായ രീതിയിലാണ് മര്‍ദിച്ചിരിക്കുന്നതെന്ന് ഈ പാടുകളില്‍ നിന്നുതന്നെ വ്യക്തമാണ്.

ഇവര്‍ രണ്ട് പേരും 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. കഴിഞ്ഞ 5 വര്‍ഷമായി അതിക്രൂരമായ മര്‍ദനമാണ് ഗോപുവില്‍ നിന്ന് നേരിടുന്നതെന്ന് ഇവര്‍ വെളിപ്പെടുത്തി. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവന്‍ മരട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് യുവതിയെ കണ്ടെത്തി വ്യാഴാഴ്ച രാത്രി തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വെള്ളിയാഴ്ച രാവിലെയാണ് ഇവര്‍ സ്റ്റേഷനില്‍ എത്തുന്നത്.

പുറത്ത് പോകാന്‍ സമ്മതിക്കാതെ വീട്ടില്‍ തന്നെ പൂട്ടിയിടുമെന്നും തിരികെ വീട്ടിലെത്തിയാല്‍ ഇയാള്‍ ക്രൂരമായി മര്‍ദിക്കുമെന്നും മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നത് വരെ അടിക്കുന്നതാണ് രീതിയെന്നും യുവതി പറഞ്ഞു. ഇവരുടെ ദേഹം മുഴുവന്‍ രക്തം കട്ട പിടിച്ച പാടുകളുണ്ട്. യുവതി വിവാഹമോചിതയാണ്. ആദ്യ വിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it