വന്യജീവി ആക്രമണം; വയനാട്ടില്‍ ഹര്‍ത്താല്‍: ലക്കിടിയില്‍ സംഘര്‍ഷം

വയനാട്: വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വയനാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്രമ സാധ്യത ഉള്ളതിനാല്‍ സ്വകാര്യബസ്സുകള്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്നില്ല. സ്വകാര്യവാഹനങ്ങളും, ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ലക്കിടിയില്‍ വാഹനങ്ങള്‍ തടയുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകിട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലു പേര്‍ വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.