വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു. ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയില്‍ നിന്നും വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് സംഭവം.
തെളിവെടുപ്പിന് മുന്‍പ് ശുചിമുറിയിലേക്ക് പോകണമെന്ന് അഫാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കയ്യിലെ വിലങ്ങ് നീക്കിയിരുന്നു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കല്ലറയിലെ തറട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്.
രക്തസമര്‍ദം താഴ്ന്നതാണ് തല കറങ്ങി വീഴാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയ്ക്ക് ശേഷം അഫാനെ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി. കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അഫാനെ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോഴും അയാള്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. അഫാനെ നിരീക്ഷിക്കാന്‍ 24 മണിക്കൂറും ജയില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക നിരീക്ഷണം.