വേദിയിലെത്തി വയനാടിന്റെ അതിജീവനകഥ; നൊമ്പരമായി വെള്ളാര്‍മല സ്‌കൂളിന്റെ സംഘനൃത്തം; അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം; ഒരൊറ്റ രാത്രിയില്‍ സര്‍വതും ഒഴുകിപ്പോയ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ബാക്കിപത്രമായിരുന്നു പകുതി മാത്രമുള്ള വെള്ളാര്‍മല സ്‌കൂള്‍. മലയാളികളുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട് ആ ചിത്രം. അതേ സ്‌കൂളിലെ കുട്ടികള്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പ്രമേയം വേദിയിലെത്തിച്ചതാണ് 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനത്തിലെ അവിസ്മരണീയ കാഴ്ച. ഉദ്ഘാടനച്ചടങ്ങിലാണ് വിദ്യാര്‍ഥികളുടെ നൃത്താവിഷ്‌കാരം അരങ്ങേറിയത്.

വീണ, സാദിക, അശ്വിനി, അഞ്ചല്‍, റിഷിക, ശിവപ്രിയ, വൈഗാ ഷിബു എന്നിവരാണ് സദസ്സിനെ മുഴുവന്‍ നൊമ്പരപ്പെടുത്തുന്ന നൃത്തം അവതരിപ്പിച്ചത്. ഇവരെല്ലാവരും ചൂരല്‍മലയുടെ പരിസരത്തുള്ളവരാണ്. രണ്ടുപേര്‍ ദുരന്തത്തിന്റെ ഇരകളും ആണ്. റിഷികയുടെ വീട് പൂര്‍ണ്ണമായും അഞ്ചലിന്റേത് ഭാഗികമായും ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. നാരായണന്‍ കുട്ടിയെഴുതിയ വരികള്‍ നൃത്താധ്യാപകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് അരങ്ങിലെത്തിച്ചത്.

സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് കണ്ട് അഭിനന്ദിച്ചു. കുട്ടികളെ പ്രശംസിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിപ്പെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ വെള്ളാര്‍മല സ്‌കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാല്‍ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ അവിടത്തെ കുഞ്ഞുങ്ങള്‍ക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയില്‍ അരങ്ങേറിയത്. പ്രതിസന്ധികളില്‍ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീര്‍വദ്ദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നല്‍കിയത്. അവര്‍ പകര്‍ന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ കലോല്‍സവം ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍ സാധിക്കണം. വെള്ളാര്‍മല സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍!

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it