ട്രെയിനിലെ ആക്രമണം; ശ്രീക്കുട്ടിക്ക് ജോലിയും നഷ്ടപരിഹാരവും നല്‍കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് വി.ശിവന്‍കുട്ടി
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവ് വഹിക്കുന്നത് കേരള സര്‍ക്കാരാണ്

തിരുവനന്തപുരം: വര്‍ക്കലയ്ക്കടുത്ത് ട്രെയിനില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രീക്കുട്ടിക്ക് റെയില്‍വേയില്‍ ജോലിയും മതിയായ നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് മന്ത്രി വി.ശിവന്‍കുട്ടി.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ശ്രീക്കുട്ടിയുടെ ചികിത്സാച്ചെലവ് വഹിക്കുന്നത് കേരള സര്‍ക്കാരാണ്. റെയില്‍വേയുടെ സുരക്ഷാ പരിധിക്കുള്ളില്‍ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയേയും കുടുംബത്തേയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു യാത്രക്കാരിക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയാത്ത ഈ സാഹചര്യം ഞെട്ടിക്കുന്നതാണെന്നും റെയില്‍വേ മന്ത്രാലയം ഈ അതിദാരുണമായ സംഭവത്തില്‍ ഇടപെടണമെന്നുമാണ് കത്തിലൂടെ മന്ത്രിയുടെ അഭ്യര്‍ത്ഥന. ആക്രമണം മുന്‍നിര്‍ത്തി ട്രെയിനുകളില്‍ വനിതാ യാത്രക്കാരുടെ സുരക്ഷ റെയില്‍വേ ഉറപ്പാക്കണെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിര്‍ധന കുടുംബത്തില്‍പ്പെട്ട വ്യക്തിയായതിനാല്‍ ശ്രീക്കുട്ടിയുടെ തുടര്‍ന്നുള്ള ജീവിതം ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ശ്രീക്കുട്ടിയുടെ ദീര്‍ഘകാല പരിചരണത്തിനും പുനരധിവാസത്തിനുമുള്ള ചെലവുകള്‍ക്കും കുടുംബത്തിന് സഹായവുമായി വലിയൊരു തുക നല്‍കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകള്‍ക്ക് ഉടനടി പിന്തുണ നല്‍കേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ധാര്‍മ്മികവും സ്ഥാപനപരവുമായ കടമയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ മന്ത്രി പറയുന്നു.
കത്തിന്റെ പൂര്‍ണ്ണരൂപം:
വര്‍ക്കലയ്ക്കടുത്ത് ട്രെയിനിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ചു. ഈ അതിദാരുണമായ സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം ഉടനടി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി. റെയില്‍വേയുടെ സുരക്ഷാ പരിധിയില്‍ നടന്ന ഈ അതിക്രമം ശ്രീക്കുട്ടിയെയും കുടുംബത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട പ്രധാന കാര്യങ്ങള്‍:
- ശ്രീക്കുട്ടിയുടെ ദീര്‍ഘകാല പരിചരണത്തിനും പുനരധിവാസത്തിനുമായി മതിയായതും ഗണ്യമായതുമായ സാമ്പത്തിക നഷ്ടപരിഹാരം ഉറപ്പാക്കുക.
- ഈ ദുരന്തത്തിന് ശേഷം സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍, യോഗ്യതയ്ക്ക് അനുസരിച്ച് റെയില്‍വേയിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലി നല്‍കുക.
- യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ സുരക്ഷാ പ്രോട്ടോക്കോള്‍ ശക്തിപ്പെടുത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ പട്രോളിംഗ് വര്‍ദ്ധിപ്പിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കുക.
യാത്രക്കാരുടെ സുരക്ഷ റെയില്‍വേയുടെ പരമമായ ഉത്തരവാദിത്തമാണ്. ശ്രീക്കുട്ടിയെപ്പോലുള്ള ഇരകള്‍ക്ക് ഉടനടി പിന്തുണ നല്‍കേണ്ടത് ധാര്‍മ്മികവും സ്ഥാപനപരവുമായ കടമയാണ്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വേഗത്തിലുള്ളതും അനുകൂലവുമായ നടപടി പ്രതീക്ഷിക്കുന്നു.

