തൃശൂര്‍ പൂരത്തിന് തുടക്കമായി; ചടങ്ങുകള്‍ കാണാന്‍ ആയിരങ്ങള്‍

കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്.

തൃശൂര്‍: തൃശൂര്‍ പൂരത്തിന് തുടക്കമായി. തേക്കിന്‍കാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയുമെല്ലാം പൂരാവേശത്തില്‍ അലിഞ്ഞുചേര്‍ന്നു. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. രാവിലെ ഏഴരയോടെ തിരുവമ്പാടിയുടെ എഴുന്നള്ളപ്പ് ആരംഭിച്ചു.

പിന്നാലെ വിവിധ ഘടക പൂരങ്ങള്‍ എഴുന്നള്ളിത്തുടങ്ങി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എഴുന്നള്ളിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ഘടക പൂരങ്ങള്‍ വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളികൊണ്ടിരിക്കുകയാണ്.

11.30 ഓടേ ആരംഭിച്ച മഠത്തില്‍ വരവ് പഞ്ചവാദ്യം നാദവിസ്മയം തീര്‍ത്തു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിന് മുന്നിലെത്തുമ്പോള്‍ നടക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോങ്ങാട് മധുവിന്റെ പ്രാമാണിത്വത്തില്‍ നടന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കൊട്ടിക്കയറിയപ്പോള്‍ പൂരാവേശം അതിന്റെ പരകോടിയിലെത്തി. മദ്ദളത്തിന് പ്രമാണം വഹിച്ചത് കോട്ടയ്ക്കല്‍ രവിയാണ്. ഇരു കുലപതികളും കൊട്ടിക്കയറിയതോടെ താളമേള ലയങ്ങളുടെ സംഗമ വേദിയായി തൃശൂര്‍ നഗരം മാറി.

തൃശൂര്‍ പൂരത്തിന്റെ ആവേശം വാനോളം ഉയര്‍ത്താന്‍ പാറമേക്കാവ് ഭഗവതി 12 മണിയോടെ ചെമ്പട കൊട്ടി ഇറങ്ങി. പതിനഞ്ച് ആനകളുടെയും ചെമ്പട മേളത്തിന്റെ അകമ്പടിയോടെ സര്‍വ്വാലങ്കാര വിഭൂഷിതയായാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്. തുടര്‍ന്ന് ചെമ്പടമേളം അവസാനിച്ച് പാണ്ടിമേളം തുടങ്ങി വടക്കുന്നാഥ ക്ഷേത്രത്തിന്റെ കിഴക്കേഗോപുരം വഴി അകത്ത് കടന്ന് വടക്കുന്നാഥന്റെ പടിഞ്ഞാറെ നടയിലാണ് ഇലഞ്ഞിത്തറ മേളം. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് രണ്ടരമണിക്ക് തുടങ്ങും.

ഇത്തവണ പാറമേക്കാവ് ഭഗവതിയുടെ പൂരത്തിന് രണ്ട് 'കൊമ്പന്മാരാണ് 'ഉള്ളത്. തിടമ്പേറ്റുന്നത് ഗുരുവായൂര്‍ നന്ദന്‍ ആണ്. ഏഷ്യയിലെ ഏറ്റവും ഭാരമുള്ളതും സൗമ്യനായിട്ടുള്ളതുമായ ആനയാണ് ഇത്. ഇത്തവണയും ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണം കിഴക്കൂട്ട് അനിയന്‍ മാരാരാണ്.

ഇലഞ്ഞിത്തറ മേളത്തിനായി ആയിരങ്ങളാണ് ഒഴുകിയെത്തുക. പാണ്ടിമേളത്തില്‍ വാദ്യകലാരംഗത്തെ കുലപതികളാണ് കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കൊപ്പം ഉണ്ടാവുക. കൂത്തമ്പലത്തിന് മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. വൈകിട്ട് അഞ്ചരയ്ക്ക് തെക്കേ നടയിലാണ് കുടമാറ്റം. ബുധനാഴ്ച പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക. പൂരത്തിന്റെ ഹൈലൈറ്റായ ഇലഞ്ഞിത്തറ മേളത്തിനും കുടമാറ്റത്തിനുമായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍.

അതേസമയം പൂരത്തോടനുബന്ധിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കെ.എസ്.ആര്‍ടി.സിയുടെ പ്രതിദിന സര്‍വിസുകള്‍ക്ക് പുറമെ 65 സ്‌പെഷല്‍ ബസുകള്‍ സര്‍വിസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 51 ഫാസ്റ്റും 14 ഓര്‍ഡിനറിയും ഉള്‍പ്പെടുന്നതാണ് സ്‌പെഷല്‍ സര്‍വിസ്. ഫാസ്റ്റിന് മുകളിലുള്ള സര്‍വിസുകള്‍ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുമാണ് സര്‍വീസ് നടത്തുക.

പൂരത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ഇന്നും നാളെയും ദേശീയപാതയിലെ ടോള്‍ ഗേറ്റില്‍ ഉള്‍പ്പെടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രിക്കാന്‍ അധികമായി പൊലീസിനെ വിന്യസിക്കും എന്നും കലക്ടര്‍ അറിയിച്ചു.

ഇന്നും നാളെയും തൃശൂര്‍-പാലക്കാട്, തൃശൂര്‍-കോഴിക്കോട്, തൃശൂര്‍-ചാലക്കുടി റൂട്ടുകളിലേക്ക് പകല്‍ സമയം 10 മിനിറ്റ് ഇടവേളയിലും രാത്രി 20 മിനിറ്റ് ഇടവേളയിലും കെ.എസ്. ആര്‍.ടി.സി സര്‍വിസ് നടത്തും.

തൃശൂര്‍-പെരിന്തല്‍മണ്ണ, തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ പകല്‍ സമയം 30 മിനിറ്റ് ഇടവേളയിലും രാത്രി തിരക്കനുസരിച്ചും തൃശൂര്‍-എറണാകുളം റൂട്ടില്‍ പകല്‍ 10 മിനിറ്റിലും രാത്രി 15 മിനിറ്റിലും തൃശൂര്‍-കോട്ടയം റൂട്ടില്‍ പകല്‍ 15 മിനിറ്റിലും രാത്രി 20 മിനിറ്റിലും സര്‍വിസ് നടത്തും.

ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്ക് കുടമാറ്റം കഴിയുമ്പോഴും ഏഴിന് പുലര്‍ച്ചെ അഞ്ചിന് ശേഷവും സാധാരണ സര്‍വിസുകള്‍ക്ക് പുറമെ മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കോട്ടയം, എറണാകുളം, കോഴിക്കോട്, ഗുരുവായൂര്‍, പൊന്നാനി, നിലമ്പൂര്‍, പാലക്കാട്, വടക്കഞ്ചേരി, ചിറ്റൂര്‍ എന്നിവിടങ്ങളിലേക്ക് പൂള്‍ ചെയ്ത ബസുകളുടെ അധിക ട്രിപ്പുകളും ഉണ്ടാകും.

Related Articles
Next Story
Share it