തിരുവനന്തപുരം കൂട്ടക്കൊല: പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചെന്ന് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍

തിരുവനന്തപുരം: കേരള മന:സാക്ഷിയെ ഞെട്ടിച്ച പേരുമലയിലെ കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ്. എന്നാല്‍ ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്നാണ് പ്രാഥമിക നിഗമനമെന്നും എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതം ഉണ്ടെന്നും പൊലീസ് അറിയിച്ചു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം അഫാന് ഉള്ളതിനാല്‍ മാനസിക നില പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഉമ്മയുടെ കഴുത്തില്‍ നിന്നും എടുത്തുമാറ്റിയ മാല പണയം വച്ച് പൈസ വാങ്ങിയെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫാന്‍ ഇടപാട് നടത്തിയതിനും തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. അഫാന്‍ ബന്ധുവായ ലത്തീഫിനെ 20 ഓളം അടി അടിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍.

പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ് ലത്തീഫ് കഴിഞ്ഞദിവസം അഫാന്റെ വീട്ടിലെത്തിയത്. കുടുംബത്തില്‍ എന്ത് പ്രശ്‌നം വന്നാലും ലത്തീഫിന്റെ സാന്നിധ്യത്തിലാണ് സംസാരിക്കുന്നത്. ലത്തീഫ് ഇടനിലയ്ക്ക് വന്നതിന് അഫാന് ദേഷ്യം ഉണ്ടാകാമെന്നും പൊലീസ് പറയുന്നു.

മാതാവ് ഷമി, അനുജന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരെയാണ് കഴിഞ്ഞദിവസം 23 കാരനായ അഫാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അഫാനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ യഥാര്‍ഥ വിവരം പുറത്തുവരികയുള്ളൂ.

Related Articles
Next Story
Share it