പ്രവാസി വോട്ടര്‍മാരുടെ ആശങ്ക മാറ്റും; ഇതിനായി നോര്‍ക്കയുടെ യോഗം വിളിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍
ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ ഒരു തടസ്സമല്ലെന്നും രത്തന്‍ യു.ഖേല്‍ഖര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എന്യുമറേഷന്‍ ഫോം വിതരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.രത്തന്‍ യു.ഖേല്‍ഖര്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് (എസ്.ഐ.ആര്‍) രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ബിഎല്‍ഒമാര്‍ക്ക് (ബൂത്ത് ലൈവല്‍ ഓഫിസര്‍) സമ്മര്‍ദം കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ പരിശീലനത്തില്‍ കുറവുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ഖേല്‍ഖര്‍ അറിയിച്ചു. പ്രവാസി വോട്ടര്‍മാരുടെ ആശങ്ക മാറ്റുമെന്നും ഇതിനായി നോര്‍ക്കയുടെ യോഗം വിളിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ഇലക്ഷന്‍ കമ്മിഷന്റെ ബോധവല്‍ക്കരണ മെറ്റീരിയല്‍സ് അടക്കമുള്ളവ നോര്‍ക്കയ്ക്ക് അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു, അത് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് നോര്‍ക്കയുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞു. ഓവര്‍സീസ് ഇലക്ടര്‍മാര്‍ക്കായി ലഭ്യമായിട്ടുള്ള കോള്‍ സെന്ററുകള്‍ അടക്കമുള്ള എല്ലാ കാര്യങ്ങളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെവരെ ഡിജിറ്റൈസ് ചെയ്ത ഫോമുകളുടെ എണ്ണം 19,90,178 ആയി ഉയര്‍ന്നതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഇത് മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 7.15% ആണ്. വോട്ടര്‍മാര്‍ ഓണ്‍ലൈനായി 45,249 ഫോമുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് മൊത്തം വോട്ടര്‍മാരുടെ 0.16 % വരും. വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ എണ്ണം 1,01,856 ആയി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടര്‍മാരുടെ 0.37% വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബിഎല്‍ഒമാരും മുഴുവന്‍ ഡേറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും, യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (BLOs) 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം പേര്‍ക്ക് ഇതുവരെ ഫോം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ ഒരു തടസ്സമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷില്‍ കൊടുത്ത ഫോമുകള്‍ പോലും പലയിടത്തും മറ്റ് ഭാഷകളില്‍ പൂരിപ്പിച്ച് നല്‍കിയ കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.
മലയാളത്തില്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് കന്നഡ അറിയാമെന്ന് പറഞ്ഞപ്പോള്‍ കന്നഡയില്‍ തന്നെ ഫോം ഫില്‍ ചെയ്ത് തിരിച്ച് നല്‍കിയിട്ടുണ്ട്. കൂടാതെ കുമളി, ദേവികുളം മേഖലയിലെ വട്ടവട, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തമിഴില്‍ ഫില്‍ ചെയ്ത ഫോമുകളും ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭാഷ ഒരു പ്രശ്‌നമായി കാണുന്നില്ലെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

