റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; മാറ്റിയപ്പോള്‍ വീണ്ടും വച്ചു; അട്ടിമറി ശ്രമമെന്ന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. സംഭവത്തില്‍ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂര്‍ റെയില്‍വേ പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് പോസ്റ്റ് റെയില്‍പാളത്തില്‍ കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴുകോണ്‍ പൊലീസെത്തി പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് പാളത്തിന് കുറുകെ വീണ്ടും പോസ്റ്റ് കണ്ടെത്തുന്നത്.

ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വര്‍ധിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പാലരുവി എക്സ്പ്രസ് അടക്കം കടന്നുപോകുന്ന സമയത്താണ് പോസ്റ്റ് കണ്ടെത്തുന്നത്. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് മുമ്പുതന്നെ പോസ്റ്റ് മാറ്റാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Articles
Next Story
Share it