വിചാരണ വിവരങ്ങള്‍ പുറം ലോകമറിയട്ടെ.. അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന് അതീജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ വാദം ബുധനാഴ്ച ആരംഭിച്ചിരിക്കെ കേസില്‍ നിര്‍ണായക നീക്കവുമായി അതിജീവിത. അന്തിമവാദം തുറന്ന കോടതിയില്‍ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കാട്ടി നടി വിചാരണകോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ അന്തിമ വാദം തുറന്ന കോടതിയില്‍ നടത്തണമെന്നും നടി എറാണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.
സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ കേസിന്റെ വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. എന്നാല്‍ വാദം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയണമെന്നാണ് നടിയുടെ നിലപാട്. സാക്ഷിവിസ്താരമൊക്കെ കഴിഞ്ഞു. തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളില്ല. അതുകൊണ്ട് തന്നെ തുറന്ന കോടതിയില്‍ വാദം നടത്തണമെന്നാണ് ആവശ്യം.