സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മധ്യപ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇരട്ട ന്യൂനമര്‍ദത്തിന് പിന്നാലെയാണ് കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം വന്നത്. കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കേരളത്തില്‍ നിലവിലെ സ്ഥിതി അടുത്ത 2 ദിവസം കൂടി തുടരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്ക് പടിഞ്ഞാറന്‍ പസഫിക് സമുദ്രങ്ങള്‍ സജീവമാകുന്നതിന് അനുസരിച്ചു കൂടുതല്‍ വര്‍ധനവിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

16, 17 തീയതികളില്‍ എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 17ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Share it