20 ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റുകളും നിര്‍ത്തലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ചെക്‌പോസ്റ്റുകള്‍ അഴിമതിയുടെ കേന്ദ്രമാകുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 20 മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ജി.എസ്.ടി വകുപ്പുമായി സഹകരിച്ചുള്ള പുതിയ പരിശോധന നടത്താമെന്ന ശിപാര്‍ശ ഗതാഗത കമ്മീഷ്ണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.

ജി.എസ്.ടി നടപ്പില്‍ വന്നതോടെ ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു.കേരളത്തിലെ 20 ചെക്‌പോസ്റ്റുകള്‍ പിന്നെയും തുടരുകയായിരുന്നു.ഓണ്‍ലൈന്‍ വഴി ടാക്സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവര്‍മാര്‍ രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോസ്ഥര്‍ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നാണ് പരാതികള്‍.

ഈയിടെ വിജിലന്‍സിന്റെ പരിശോധനയില്‍ പാലക്കാട് ആര്‍.ടി.ഓ ചെക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത തുക കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ 20 ആര്‍.ടി.ഒ ചെക്‌പോസ്റ്റുകളും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it