പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍

മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയും ഉത്തരവിടുകയും ചെയ്തത്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ അനുവദിച്ച് ഉത്തരവിറക്കി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയും ഉത്തരവിടുകയും ചെയ്തത്. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

പെന്‍ഷന്‍ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പി.എസ്.സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്നും ഉത്തരവില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പി.എസ്.സി ചെയര്‍മാന്റെ ശമ്പളം 3.87 ലക്ഷമായും അംഗങ്ങളുടേത് 3.80 ലക്ഷമായും ഉയര്‍ത്തി നേരത്തേ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം പി.എസ്.സി ചെയര്‍മാന് 2.50 ലക്ഷം രൂപയും അംഗങ്ങള്‍ക്ക് 2.25 ലക്ഷം രൂപയും പെന്‍ഷനായി ലഭിച്ചിരുന്നു.

എന്നാല്‍ പുതിയ തീരുമാനത്തോടെ പെന്‍ഷന്‍ വീണ്ടും ഉയരും. പി.എസ്.സി അംഗങ്ങളായിരുന്ന പി ജമീല, ഡോ.ഗ്രീഷ്മ മാത്യു, ഡോ.കെ.ഉഷ എന്നിവര്‍ നേരത്തേ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പി.എസ്.സി അംഗങ്ങളായി എത്തിയവരായിരുന്നു. ഇവര്‍ക്ക് നേരത്തെ സര്‍ക്കാര്‍ സര്‍വീസിലെ പെന്‍ഷനായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ പി.എസ്.സി ശമ്പളം ഉയര്‍ത്തിയപ്പോള്‍ ഉയര്‍ന്ന പെന്‍ഷന് തങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് വ്യക്തമായതോടെ ഇവര്‍ ആ പെന്‍ഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നേരത്തേയുള്ള ചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇവരുടെ ആവശ്യം നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ സര്‍ക്കാര്‍ സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന കാര്യം കോടതിയില്‍ ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലെത്തി. വിഷയത്തില്‍ അപ്പീല്‍ നല്‍കുന്നത് കൊണ്ട് കാര്യമുണ്ടാകില്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയതോടെ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍ സര്‍വീസിലായിരുന്ന ശേഷം പി.എസ്.സി ചെയര്‍മാനും അംഗവുമായിരുന്നവര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ ഇതോടെ ഉയരും. സര്‍ക്കാര്‍ സര്‍വീസിനൊപ്പം പി.എസ്.സി അംഗമെന്ന നിലയിലെ സേവന കാലവും പരിഗണിച്ച് പെന്‍ഷന്‍ നിശ്ചയിക്കാനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

Related Articles
Next Story
Share it