'അമ്മ'യുടെ തലപ്പത്ത് ഒരു വനിത ഇത് ആദ്യം; പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് ശ്വേത മേനോന്‍

ശ്വേതയുടേത് വിവാദങ്ങളില്‍ പതറാതെ പൊരുതി നേടിയ വിജയം

കൊച്ചി: അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സിന്റെ (അമ്മ) ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു. നടന്‍ ദേവനെതിരെയായിരുന്നു അവര്‍ മത്സരിച്ചത്. ലൈംഗിക ആരോപണങ്ങള്‍, ശമ്പള അസമത്വം, മലയാള ചലച്ചിത്ര മേഖലയിലെ മറ്റ് നിരവധി പ്രധാന പ്രശ്‌നങ്ങള്‍ എന്നിവ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റി രാജിവച്ച് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നത്.

വൈസ് പ്രസിഡന്റുമാരായി ജയന്‍ ചേര്‍ത്തലയെയും ലക്ഷ്മി പ്രിയെയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് കുക്കു പരമേശ്വരനെയും അന്‍സിബ ഹസനെയും യഥാക്രമം തിരഞ്ഞെടുത്തു. ട്രഷറര്‍ സ്ഥാനം ഉണ്ണി ശിവപാലിനാണ്.

വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കൊച്ചിയില്‍ വോട്ടെടുപ്പ് നടന്നു. ഫലം വൈകുന്നേരം 4 മണിക്ക് പ്രഖ്യാപിച്ചു. സംഘടനയിലെ 506 അംഗങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നു. വ്യക്തിപരമായ തര്‍ക്കങ്ങള്‍ക്കും കേസുകള്‍ക്കും ഒടുവിലാണ് തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

506 അംഗങ്ങളില്‍ 298 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫ് അലി തുടങ്ങിയ പ്രമുഖ നടന്മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗ് നിരക്ക് ഉണ്ടായിരുന്നെങ്കില്‍, ഇത്തവണ 58 ശതമാനം പോളിംഗ് നിരക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ, 12 ശതമാനം കുറവാണ്.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ്, അശ്ലീല സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചുവെന്നാരോപിച്ച് ശ്വേതയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താരം ഹൈക്കോടതിയെ സമീപിച്ചു. വാദം കേള്‍ക്കുന്നതിനിടെ, താരത്തിനെതിരായ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ നല്‍കാന്‍ ജഡ്ജി ഉത്തരവിട്ടു.

അതേസമയം താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്ന് ശ്വേത മേനോന്‍ പ്രതികരിച്ചു. 'ജയിച്ചതില്‍ ഒരുപാട് സന്തോഷം. ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. സ്ത്രീകള്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അമ്മ സംഘടനയില്‍ നിന്നും ആരും പിണങ്ങി നിന്നിട്ടില്ല, സംഘടനയില്‍ നിന്ന് പോയവര്‍ക്കെല്ലാം തിരിച്ചുവരാം. അവരെല്ലാവരും അമ്മ എന്ന കുടുംബത്തിന്റെ ഭാഗമാണ്. '- എന്നും ശ്വേത മേനോന്‍ പറഞ്ഞു.

അഭിപ്രായ വ്യത്യാസങ്ങളെല്ലാം തുറന്നുപറഞ്ഞ് ഒറ്റക്കെട്ടായി പോകുമെന്നും ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളുവെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ തീരുമാനങ്ങള്‍ ഇനി കൂടാനിരിക്കുന്ന എക്‌സിക്യൂട്ടിവ് മീറ്റിങ്ങില്‍ ആയിരിക്കും എടുക്കുന്നത്. വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കാര്യങ്ങളോന്നും നിസ്സാരമായി കാണാന്‍ പോകുന്നില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തലയ്ക്കും ലക്ഷ്മി പ്രിയയ്ക്കും എതിരെ നാസര്‍ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനെതിരെ അനൂപ് ചന്ദ്രന്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.

Related Articles
Next Story
Share it