ഷുഹൈബ് വധക്കേസ്: വിചാരണയ്ക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; അഡ്വ. കെ. പത്മനാഭന്റെ പേര് പരിഗണനയില്‍
നിലവില്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍, സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് ഹര്‍ജിക്കാര്‍

കൊച്ചി: ഷുഹൈബ് വധക്കേസിന്റെ വിചാരണയ്ക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് മാതാപിതാക്കളും, അക്രമത്തില്‍ പരിക്കേറ്റ റിയാസും, നൗഷാദും. അപേക്ഷ പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചു.
ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ആണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അതുവരെ, തലശ്ശേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍പാകെയുള്ള കേസിന്റെ വിചാരണയും സ്റ്റേ ചെയ്തു.
2018 ഫെബ്രുവരി 12-നാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണ്. നിലവില്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍, സിപിഎമ്മുമായി അടുത്ത ബന്ധമുള്ളയാളാണെന്നും അതുകൊണ്ടുതന്നെ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അഡ്വ. കെ. പത്മനാഭന്റെ പേരാണ് മാതാപിതാക്കള്‍ നിര്‍ദേശിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ടി. ആസഫലി ഹാജരായി.
നേരത്തെ പെരിയ കേസില്‍ സി ബി ഐ പ്രോസിക്യൂഷന്‍ അസിസ്റ്റന്റായി അഡ്വ. കെ. പത്മനാഭന്‍ പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സിപിഎം നേതാക്കളായ പി. ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ പ്രതികളായ അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ എറണാകുളം സി ബി ഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ സി ബി ഐ പ്രോസിക്യൂഷന്‍ അസി. ആണ് അഡ്വ. കെ. പത്മനാഭന്‍. ഇതുകൂടാതെ കാസര്‍കോട് തോമസ് ക്രാസ്റ്റ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമാണ്.