സ്‌കൂള്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം; പിന്നാലെ അധ്യാപകനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ ചെമ്പിലോട് സാരംഗയില്‍ പി.പി ബിജു ആണ് മരിച്ചത്

കണ്ണൂര്‍: സ്‌കൂള്‍ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമിട്ടതിന് പിന്നാലെ അധ്യാപകനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനായ ചെമ്പിലോട് സാരംഗയില്‍ പി.പി ബിജു (47)വിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പരിയാരം സ്വദേശിയായ ബിജു നേരത്തെ പൊലീസ് ട്രെയിനിയായിരുന്നു. പരിശീലനം പൂര്‍ത്തിയാകുന്നതിനിടെ സേനയില്‍ നിന്നും സ്വയം ഒഴിവാകുകയായിരുന്നു. പിന്നീടാണ് കടമ്പൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.

വ്യാഴാഴ്ച രാത്രി ഏറെ വൈകി സ്‌കൂളിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സഹപ്രവര്‍ത്തകര്‍ക്ക് വാട്സ് ആപ്പില്‍ ശബ്ദസന്ദേശമയച്ചിരുന്നു. ഇതിനു ശേഷമാണ് ജീവനൊടുക്കിയതെന്നാണ് സൂചന. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.

Related Articles
Next Story
Share it