ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍
എന്‍ വാസുവിന് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് പത്മകുമാര്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തിരുവനന്തപുരത്ത് വ്യാഴാഴ്ചയാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ വാസുവിന് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് പത്മകുമാര്‍.
കേരള സര്‍ക്കാരിനും ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കനത്ത തിരിച്ചടിയാണ് പത്മകുമാറിന്റെ അറസ്റ്റ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാര്‍ കേസിലെ എട്ടാം പ്രതിയാണ്. ചോദ്യം ചെയ്യലിനായി രാവിലെ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായ പത്മകുമാറിന്റെ അറസ്റ്റ് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് പ്രത്യേക അന്വേഷണ തലവന്‍ എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി സംഘം അറസ്റ്റ് ചെയ്തത്. അജ്ഞാത സ്ഥലത്ത് വച്ച് മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
പത്മകുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ എസ്.ഐ. ടിക്ക് ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടും എസ്.ഐ.ടി പരിഗണിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി.
കൂടാതെ മുന്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ ടിഡിബി കമ്മീഷണര്‍ എന്‍. വാസുവിന്റെ മൊഴികള്‍ ഉള്‍പ്പെടെ നേരത്തെ അറസ്റ്റിലായവരുടെ മൊഴികള്‍ പത്മകുമാറിനെതിരെയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ശബരിമലയിലെ രേഖകള്‍ കൃത്രിമമായി ഉപയോഗിച്ചത് പത്മകുമാറിന്റെ അറിവോടെയാണെന്ന് നേരത്തെ അറസ്റ്റിലായവരുടെ മൊഴികളില്‍ വ്യക്തമായ സൂചനകളുണ്ട്. ഔദ്യോഗിക രേഖകളില്‍ സ്വര്‍ണ്ണ ഷീറ്റുകള്‍ ചെമ്പ് ഷീറ്റുകളായി പരാമര്‍ശിച്ചതുള്‍പ്പെടെയുള്ള രേഖകള്‍ ഇവയില്‍ പ്രധാനമാണ്. പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകള്‍ എസ്.ഐ.ടി വിശദമായി അന്വേഷിക്കുന്നുണ്ട്.
കേസില്‍ എട്ടാം പ്രതിയായി പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. കെ.ടി.ശങ്കര്‍ദാസ്, പാലവിള എന്‍.വിജയകുമാര്‍ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍. കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറാന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ നല്‍കിയ കത്തില്‍ ഉണ്ടായിരുന്ന 'സ്വര്‍ണം പൂശിയ' എന്ന പരാമര്‍ശം ഒഴിവാക്കി ദേവസ്വം കമ്മിഷണര്‍ എന്‍.വാസു നല്‍കിയ ശുപാര്‍ശ ദേവസ്വം ബോര്‍ഡ് അതേപടി അംഗീകരിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അറിവോടെ ആയിരുന്നു തട്ടിപ്പ് എന്നാണ് എന്‍.വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി വ്യക്തമാക്കിയിരുന്നത്.
ഡിസംബര്‍ 3ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്‍പ് പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് എസ്.ഐ.ടി. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.

