'ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി, ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചു'; സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ബന്ധു
അന്ന് മുതിര്‍ന്ന കുട്ടി ബഹളം വച്ചതോടെയാണ് ശ്രമം പരാജയപ്പെട്ടതെന്നും അയല്‍വാസി

കൊച്ചി: തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരി കല്യാണിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അയല്‍വാസിയും ബന്ധുവുമായ അശോകന്‍.
ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും അന്ന് മുതിര്‍ന്ന കുട്ടി ബഹളം വച്ചതോടെയാണ് ആ ശ്രമം പരാജയപ്പെട്ടതെന്നും അയല്‍വാസി പറഞ്ഞു. ഇതിനുപിന്നാലെ പൊലീസ് ഇടപെട്ട് സന്ധ്യയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അശോകന്റെ വെളിപ്പെടുത്തല്‍:
സന്ധ്യ അധികം ആരോടും മിണ്ടുന്ന ഒരാളായിരുന്നില്ല. കുട്ടികളെ ടോര്‍ച്ച് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ഇളയ കുഞ്ഞിനെ നേരത്തെയും കൊല്ലാന്‍ ശ്രമിച്ചു. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതു കണ്ട് പേടിച്ചുവിറച്ച് സന്ധ്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ കൊണ്ടാക്കി.
അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവര്‍ കൗണ്‍സിലിങ്ങിന് വിട്ടു. മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ സഹോദരിയുടെയും അമ്മയുടെയും പെരുമാറ്റത്തില്‍ സംശയമുണ്ട്- എന്നും അശോകന്‍ പറഞ്ഞു.
കുഞ്ഞിനെ നേരത്തെയും സന്ധ്യ ഉപദ്രവിച്ചിരുന്നുവെന്ന് ഭര്‍ത്താവ് സുഭാഷും പറഞ്ഞിരുന്നു. ചേച്ചിയും അമ്മയും പറയുന്നതേ സന്ധ്യ കേള്‍ക്കുകയുള്ളൂവെന്നും കഴിഞ്ഞദിവസത്തെ സംഭവവും അവര്‍ക്ക് അറിയാമായിരിക്കാമെന്നും സുഭാഷ് പറയുന്നു.
അതിനിടെ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന സന്ധ്യയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കുഞ്ഞിനെ പുഴയില്‍ എറിയാന്‍ ഉണ്ടായ സാഹചര്യം പരിശോധിക്കുകയാണെന്നും സന്ധ്യയും ഭര്‍ത്താവിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ നിന്ന് കുഞ്ഞിനെ താന്‍ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അങ്കണവാടിയില്‍ നിന്ന് അമ്മ കൂട്ടിക്കൊണ്ട് പോയ കുഞ്ഞിനെയാണ് പിന്നീട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോരിച്ചൊരിയുന്ന മഴയത്ത് എട്ടര മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൂഴിക്കുളം പാലത്തിനടിയില്‍ നിന്നും കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ സന്ധ്യ നല്‍കിയിരുന്നത്. ഒടുവില്‍ പുഴയില്‍ എറിഞ്ഞുവെന്ന് അവര്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും അതിനുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അമ്മയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. സംഭവത്തില്‍ സന്ധ്യയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെയടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി വിട്ടുകൊടുക്കും.