കേരളം ചുട്ടുപൊള്ളുന്നു; 2 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: കടുത്ത വെയിലില്‍ കേരളം ചുട്ടുപൊള്ളുന്നു. രണ്ട് ജില്ലകളില്‍ ദുരന്ത നിവാരണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് ഉയരുന്നു. യുവി ഇന്‍ഡക്സ് 5ന് മുകളിലേക്ക് പോയാല്‍ അപകടകരമാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്.

വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്ന് ഭൂമിയില്‍ എത്തുന്ന ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും അധികമായാല്‍ മാരകമാണ്.

ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു.

യുവി സൂചികയില്‍ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് യുവി ഇന്‍ഡക്സ്.

കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ യുവി തോത് 7 രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യുവി വികിരണ തോത് 6 ആണ്. കാസര്‍കോടാണ് ഏറ്റവും കുറവ് യുവി തോത് തോത് രേഖപ്പെടുത്തിയിരിക്കുന്നത്.

യുവി ഇന്‍ഡക്സ് 5 ആണ് കാസര്‍കോട് രേഖപ്പെടുത്തിയിരിക്കുന്നത്, അലര്‍ട്ടുകളൊന്നുമില്ല. യുവി സൂചിക 7നു മുകളിലെത്തിയാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സുരക്ഷാ നടപടികള്‍

1. ഉയര്‍ന്ന യുവി വികിരണങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ തൊപ്പികളോ കുടകളോ ഉപയോഗിക്കണം.

2. പുറത്തുപോകുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കണം.

3. എക്സ്പോഷര്‍ കുറയ്ക്കുന്നതിന് ശരീരം മൂടുന്ന ലൈറ്റ് കോട്ടണ്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

4. കുന്നിന്‍ പ്രദേശങ്ങള്‍, ഉഷ്ണമേഖലാ പ്രദേശങ്ങള്‍, തുറസ്സായ ഭൂപ്രകൃതികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. കാരണം ഈ സ്ഥലങ്ങളില്‍ സാധാരണയായി ഉയര്‍ന്ന അളവിലുള്ള യുവി വികിരണം അനുഭവപ്പെടാറുണ്ട്.

Related Articles
Next Story
Share it