വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം: ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ആരംഭിച്ചു
വീടുകള്‍ സന്ദര്‍ശിച്ച് എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്യുകയും വിവരങ്ങള്‍ പരിശോധിച്ച് തിരികെ സ്വീകരിക്കുകയും ചെയ്യും

തിരുവനന്തപുരം: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം യോഗ്യരായ ഒരാളെയും ഒഴിവാക്കാതെയും അയോഗ്യരെ നീക്കം ചെയ്തും വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) ആരംഭിക്കുന്നതിന് 2025 നവംബര്‍ നാലു മുതല്‍ ഡിസംബര്‍ നാലുവരെ എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും വീടുകള്‍ സന്ദര്‍ശിച്ച് എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്യുകയും വിവരങ്ങള്‍ പരിശോധിച്ച് തിരികെ സ്വീകരിക്കുകയും ചെയ്യും.
ഈ ദിവസങ്ങളില്‍ ബി.എല്‍.ഒ. മാരുടെ സേവനം പൂര്‍ണമായും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കായി വിട്ടുനല്‍കാന്‍ എല്ലാ ജില്ലാ ഓഫീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്യൂമറേഷന്‍ ഫോമുകളുടെയും മറ്റു രേഖകളുടെയും ഒരു പകര്‍പ്പ് ബി.എല്‍.ഒ. സൂക്ഷിക്കേണ്ടതും ഫോം ലഭിച്ചതിന്റെ രശീതി അപേക്ഷകന് നല്‍കുകയും ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബി.എല്‍.ഒ. സൂപ്പര്‍വൈസര്‍/ ഇ.ഡി.ടി.മാര്‍ നല്‍കി കൃത്യതയോടെ പ്രവൃത്തികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
എല്ലാം വീടുകളും സന്ദര്‍ശിച്ച് എന്യൂമറേഷന്‍ ഫോമുകളും ഇന്‍സ്ട്രക്ഷന്‍ ഫോമുകളും ബി.എല്‍.ഒമാര്‍ വിതരണം ചെയ്യുകയും ബന്ധപ്പെട്ട രേഖകള്‍ സഹിതം തിരികെ ഇ. ആര്‍.ഒ.യ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇതിന്റെ സാക്ഷ്യപത്രം ഡിസംബര്‍ 10നകം ജില്ലാ ഇലക്ഷന്‍ ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

