പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആര്‍ ശ്രീലേഖ; പ്രതികരണം നടിയുടെ കോടതിയലക്ഷ്യ ഹര്‍ജിക്ക് പിന്നാലെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി പറഞ്ഞതെല്ലാം ബോധ്യമുളള കാര്യങ്ങള്‍ ആണെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. കേസില്‍ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെ അതിജീവിതയായ നടി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ആര്‍ ശ്രീലേഖയുടെ പ്രതികരണം. താന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടെന്നും, ആരെയും പേടിയില്ലെന്നും പറയുന്നവര്‍ പറയട്ടെ എന്നും ആര്‍ ശ്രീലേഖ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യം തന്നോട് ഒരു ഡിഐജിയാണ് പറഞ്ഞത് എന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത വിചാരണക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ആരംഭിച്ചു. വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. തന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.