BUS STRIKE | വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 5 രൂപയാക്കണം; സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്

പാലക്കാട്: വിദ്യാര്‍ഥികളുടെ മിനിമം യാത്രാനിരക്ക് 5 രൂപയാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.
പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണമെന്നും ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവെക്കുമെന്നുമാണ് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന് മുന്നോടിയായി ജനങ്ങളെ വസ്തുത ബോധ്യപ്പെടുത്താന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും സംഘടന അറിയിച്ചു.
ഏപ്രില്‍ 3 മുതല്‍ 9 വരെയായിരിക്കും ബസ് സംരക്ഷണ ജാഥ നടത്തുക. കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്‍ത്ഥികളാണെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. 13 വര്‍ഷമായി 1 രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഈ നിരക്കില്‍ ഓടാനാകില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണെന്നും സംഘടന ആരോപിച്ചു.